ആസാം: മുളക് ഉപയോഗിച്ച് ഉശിരന്‍ കറിയുണ്ടാക്കുന്നതിനെക്കുറിച്ച് നമുക്കെല്ലാമറിയാം. മുളക് പൊടി വിതറി മോഷ്ടാക്കളും അക്രമികളും കൃത്യം നടത്താറുമുണ്ട്. എന്നാല്‍ മുളകുപയോഗിച്ച് ബോബുണ്ടാക്കുന്ന വിദ്യയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടാവില്ല. ലോകത്തെ ഏറ്റവും എരിവ് കൂടിയ മുളകായ ‘ഭട്ട് ജൊലോക്കിയ’ പോയോഗിച്ച ഇന്ത്യന്‍ സൈന്യം ഗ്രനേഡ് നിര്‍മ്മിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്. ഭീകരര്‍ക്കെതിരെ ഉപയോഗിക്കാന്‍ അനുയോജ്യമായ രീതിയിലാണ് ഗ്രനേഡ് നിര്‍മ്മിക്കുന്നത്. ഭീകര വിരുദ്ധ ഓപറേഷന് വേണ്ടിയായിരിക്കും ഇത് ഉപയോഗിക്കുക. ഭീകരര്‍ ഒളിഞ്ഞിരിക്കുന്ന കേന്ദ്രങ്ങളിലേക്ക് ഇത്തരം ഗ്രനേഡുകള്‍ ഉപയോഗിച്ചാല്‍ ശക്തമായ ശ്വാസ തടവും പുകച്ചിലും അനുഭവപ്പെടുകയും അവര്‍ പുറത്ത് കടക്കുകയും ചെയ്യും.

പ്രതിരോധ മന്ത്രാലയത്തിലെ ശാസ്ത്ര വിഭാഗമാണ് മുളക് ഗ്രനേഡ് വികസിപ്പിച്ചെടുത്തത്. ഗ്രനേഡിന്റെ പരിശോധന വിജയകരമായിരുന്നുവെന്ന് സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി. ചൈനീസ് മുളകുകളുടെ കുടുംബത്തില്‍പ്പെട്ടതാണ് ഭട്ട് ജൊലോക്കിയ എന്ന മുളക്. ഏറ്റവും എരിവ് കൂടിയതിന്റെ പേരില്‍ ഈ മുളക് ഗിന്നസ് ബുക്കിലും ഇടം പിടിച്ചിട്ടുണ്ട്. എരിവ് കൂടുതലായതിനാല്‍ ഭക്ഷണ പദാര്‍ഥങ്ങളില്‍ ഈ മുളക് അപൂര്‍വ്വമായേ ഉപയോഗിക്കാറുള്ളൂ.

ശത്രുവിനെ കൊലപ്പെടുത്തുകയോ മാരകമായി മുറിവേല്‍പിക്കുകയോ ചെയ്യാതെ കീഴ്‌പെടുത്താനാകുമെന്നാണ് മുളക് ബോംബിന്റെ പ്രത്യേകത.