റിയാദ്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്ക് ശ്രദ്ധാഞ്ജലിയായി ചില്ല സര്‍ഗവേദിയുടെ ഒത്തുചേരല്‍. ‘സര്‍ഗാത്മകതയുടെ മരുന്ന്’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടി റഫീഖ് പന്നിയങ്കര ഉത്ഘാടനം ചെയ്തു.

ലളിതവും അനാര്‍ഭാടവുമായ ആഖ്യാനഭാഷയിലൂടെ ഏറ്റവും സൂക്ഷ്മമായ അനുഭവാഖ്യാനങ്ങള്‍ സാധ്യമാക്കിയതാണ് പുനത്തില്‍ കൃതികളെ വേറിട്ട് നിര്‍ത്തുന്നതെന്ന് റഫീഖ് പറഞ്ഞു. ‘പുനത്തിലിന്റെ ബദല്‍ ജീവിതം’ എന്ന പുസ്തകത്തിന്റെ വായന റഫീഖ് നടത്തി.

തന്റെ ഗ്രാമത്തിന്റെ പ്രാക്തന സൗന്ദര്യം ആവിഷ്‌കരിച്ച പുനത്തിലിന്റെ നോവല്‍ ‘സ്മാരകശിലകള്‍’ കാലങ്ങള്‍ അതിജീവിജീവിക്കുമെന്ന് പുസ്തകാസ്വാദനം നടത്തിക്കൊണ്ട് ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍ പറഞ്ഞു.

നോവലിലെ അധഃസ്ഥിതരും നിര്‍ദ്ധനരുമായ കഥാപാത്രങ്ങള്‍ പുനത്തിലിന്റെ മനുഷ്യോന്മുഖമായ രാഷ്ട്രീയബോധത്തിന് അടിവരയിടുന്നവരാണെന്നും, മനുഷ്യന്റെ ഇരുവശങ്ങളെ കാണുമ്പോള്‍ത്തന്നെ ചെറുനന്മകളിലും പുനത്തില്‍ വിശ്വസിക്കുന്നുണ്ടെന്ന് നോവലിലെ ഫ്യൂഡല്‍ കര്‍ത്തൃത്വമായെത്തുന്ന പൂക്കോയത്തങ്ങളുടെ കഥാപാത്രത്തെ സൂചിപ്പിച്ചുകൊണ്ട് ഇഖ്ബാല്‍ അഭിപ്രായപ്പെട്ടു.

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ‘എന്റെ പ്രിയപ്പെട്ട കഥകള്‍’ എന്ന കഥാസമാഹാരം പ്രിയ സന്തോഷ് അവതരിപ്പിച്ചു. സമകാലീന സമൂഹത്തിനു മുന്നില്‍ പിടിച്ച കണ്ണാടികള്‍ ആണ് പുനത്തില്‍ കഥകള്‍. സമൂഹത്തെ അതിന്റെ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കാന്‍ പ്രേരിപ്പിക്കുന്നവ കൂടിയാണ് കുഞ്ഞബ്ദുള്ള കഥകളെന്ന് പ്രിയ പറഞ്ഞു.

പുനത്തിലിന്റെ ആത്മകഥ ‘നഷ്ടജാതകം’ ആര്‍ മുരളീധരന്‍ അവതരിപ്പിച്ചു. എഴുത്തും ജീവിതവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ അതിലംഘിക്കുന്നതരത്തില്‍ അനുഭവങ്ങളുടെയും ഭാവനയുടെയും സ്മരണകളുടെയും സ്വപ്നങ്ങളുടെയും ഹൃദ്യമായ സമ്മേളനമാണ് നഷ്ടജാതകമെന്ന് പുസ്തകം അവതരിപ്പിച്ചുകൊണ്ട് ആര്‍ മുരളീധരന്‍ പറഞ്ഞു.

സരളതീക്ഷ്ണമായ ഭാഷകൊണ്ട് കേരളീയ വായനാസമൂഹത്തെ ആകര്‍ഷിക്കാന്‍ പുനത്തിലിനായി എന്നും എഴുത്തിന്റെ വിവിധ മേഖലകളിലൂടെ സഞ്ചരിച്ച് സാഹിത്യ ലോകത്ത് തന്റെതായ സ്ഥാനം കണ്ടെത്താന്‍ പുനത്തിലിന് സാധിച്ചുവെന്നും തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സര്‍ഗസംവാദത്തിന് ബീന തുടക്കം കുറിച്ചു. മുഹമ്മദ് നജാത്തി, സബീന എം സാലി, അബ്ദുല്ലത്തീഫ് മുണ്ടരി, അഖില്‍ ഫൈസല്‍, നജ്മ നൗഷാദ്, പ്രിയ, മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു. നൗഷാദ് കോര്‍മത്ത് മോഡറേറ്ററായിരുന്നു.