Categories

Headlines

ഇന്‍ റിട്ടേണ്‍ ജസ്റ്റ് എ ബുക്ക് പ്രദര്‍ശിപ്പിച്ച് ചില്ല സര്‍ഗവേദിയുടെ എന്റെ വായന

റിയാദില്‍ ചില്ല സംഘടിപ്പിച്ച In Return: Just a Book എന്ന ഡോക്യുഫിക്ഷന്റെ പ്രദര്‍ശനപരിപാടിയില്‍ ടി.ആര്‍ സുബ്രഹ്മണ്യന്‍ സംസാരിക്കുന്നു

റിയാദ്: പ്രസിദ്ധ മലയാള സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീര്‍ത്തനംപോലെ’ എന്ന നോവലിനെ അടിസ്ഥാനമാക്കി കഥാകൃത്ത് സക്കറിയ തിരക്കഥയെഴുതി ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത ‘In Return: Just a Book’ (പകരം, ഒരു പുസ്തകം മാത്രം ) എന്ന ഡോക്യുഫിക്ഷന്‍ ഫിലിം റിയാദ് ചില്ല സര്‍ഗവേദിയുടെ പ്രതിമാസ വായനാപരിപാടിയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ചു

45 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ സൗദി അറേബ്യയിലെ ആദ്യപ്രദര്‍ശനമാണിത്. വിശ്വപ്രസിദ്ധ റഷ്യന്‍ എഴുത്തുകാരന്‍ ദസ്തയേവ്‌സ്‌കിയും അദ്ദേഹത്തിന്റെ സ്റ്റെനോഗ്രാഫര്‍ ആയി ഏതാനും ദിവസങ്ങള്‍ ജോലിചെയ്ത അന്നയെന്ന പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയബന്ധമാണ് ‘ഒരു സങ്കീര്‍ത്തനം പോലെ’ യുടെ പ്രമേയം.

താനൊരിക്കലും സന്ദര്‍ശിച്ചിട്ടില്ലാത്ത ഒരു ഭൂപ്രദേശത്തെയും തനിക്കപരിചിതമായ ഒരു കാലഘട്ടത്തെയും റഷ്യന്‍ സാഹിത്യത്തിലുള്ള പരിചയത്തിന്റെ പിന്‍ബലത്തില്‍ തികച്ചും ഭാവനാത്മകമായി ആവിഷ്‌കരിക്കുകയാണ് പെരുമ്പടവം ശ്രീധരന്‍ ചെയ്യുന്നത്. ഇതിലെ ചില സന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കി സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്ഗ് നഗരത്തിലെ ദസ്തയേവ്‌സ്‌കിയുടെ വീട്ടിലും (ഇപ്പോള്‍ മ്യൂസിയം) പെരുമ്പടവത്തുമായാണ് ‘പകരം, ഒരു പുസ്തകം മാത്രം’ ചിത്രീകരിച്ചിരിക്കുന്നത്.

ദസ്തയേവ്‌സ്‌കിയും അന്നയുമായി പ്രസിദ്ധ റഷ്യന്‍ അഭിനേതാക്കള്‍ വ്‌ളദിമിര്‍ പോസ്നിക്കോവും ഒക്സാന കാര്‍മിഷിനയും വേഷമിട്ടു. പുറമെ നോവലിസ്റ്റായ പെരുമ്പടവം ശ്രീധരനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സക്കറിയ തന്നെയാണ് ശബ്ദം നല്‍കിയത്. ശരത്തിന്റെതാണ് സംഗീതം. ബേബി മാത്യു സോമതീരം നിര്‍മ്മിച്ച ഡോക്യൂമെന്ററിയുടെ ഛായാഗ്രാഹണം കെ.ജി.ജയനും, എഡിറ്റിംഗ് അജിത് കുമാര്‍ ബി.യുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

പ്രദര്‍ശനത്തിനുശേഷം ഡോക്യൂമെന്ററിയെക്കുറിച്ചും ദസ്തയേവ്‌സ്‌കിയുടെ സര്‍ഗ്ഗജീവിതത്തെക്കുറിച്ചുമുള്ള ചര്‍ച്ചയും നടന്നു. അന്നയോടുള്ള പ്രണയത്തിന്റെ തീവ്രതക്കൊപ്പം ദസ്തയേവ്‌സ്‌കിയുടെ പ്രക്ഷുബ്ധമായ വ്യക്തിജീവിതവും സര്‍ഗ്ഗാത്മക ജീവിതത്തിലെ ചില ഏടുകളും പെരുമ്പടവം ശ്രീധരനെന്ന നോവലിസ്റ്റിന്റെ മനസ്സിലൂടെ വരച്ചുകാട്ടുന്നതില്‍ ഷൈനി ജേക്കബ് ബെഞ്ചമിന്‍ വിജയിച്ചിട്ടുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഒരു സങ്കീര്‍ത്തനം പോലെ എന്ന നോവലിന്റെ പുനര്‍വായന പ്രിയ സന്തോഷ് നടത്തി. അന്നയുമായി ബന്ധപ്പെടുന്നതിന് കാരണമായ ‘ചൂതാട്ടക്കാരന്‍ ‘ എന്ന നോവെല്ലയുടെ രചനക്ക് ആസ്പദമായ ദസ്തയേവ്‌സ്‌കിയുടെ ആദ്യ യൂറോപ്പ് യാത്രയും ചൂതാട്ട അനുഭവങ്ങളും പോളിന സുസ്ലോവയെന്ന യുവതിയുമായുള്ള അദ്ദേഹത്തിന്റെ തീക്ഷ്ണപ്രണയവും ആകസ്മികമായ വേര്‍പിരിയലും പ്രതിപാദിക്കുന്ന ‘A writer in his time’ എന്ന ജോസഫ് ഫ്രാങ്കിന്റെ ബൃഹദ് ജീവചരിത്രത്തില്‍ നിന്നുള്ള ഏതാനും അധ്യായങ്ങള്‍ ആര്‍ മുരളീധരന്‍ അവതരിപ്പിച്ചു.

അന്നയുമായുള്ള വിവാഹത്തിനുശേഷം ദസ്തയേവ്‌സ്‌കിയുടെ 1867 -1871 കാലഘട്ടത്തെ യൂറോപ്യന്‍ ജീവിതത്തെ ആവിഷ്‌കരിക്കുന്ന സോവിയറ്റ് എഴുത്തുകാരന്‍ ലയണിഡ് ട്‌സിപ്കിന്റെ നോവല്‍ ‘സമ്മര്‍ ഇന്‍ ബെഡന്‍ ബെഡന്‍’ -ന്റെ വായനാനുഭവം ഇക്ബാല്‍ കൊടുങ്ങല്ലൂര്‍ പങ്കുവച്ചു.

ടി.ആര്‍.സുബ്രഹ്മണ്യന്‍ തുടക്കം കുറിച്ച പരിപാടിയില്‍, ജയചന്ദ്രന്‍ നെരുവമ്പ്രം, അനിത നസിം, റസൂല്‍ സലാം, സിജിന്‍ കോവല്ലൂര്‍, നിജാസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു നൗഷാദ് കോര്‍മത്ത് മോഡറേറ്റര്‍ ആയി.