എഡിറ്റര്‍
എഡിറ്റര്‍
ദസ്തയെവ്‌സ്‌കിയന്‍ സാഹിത്യലോകത്തിലൂടെ ഒരു ചില്ല ദിനം
എഡിറ്റര്‍
Wednesday 1st March 2017 2:25pm

റിയാദ്: വിശ്വസാഹിത്യത്തിലെ സാര്‍വ്വകാലികതയുടെ പ്രതീകമായ ഫ്യോദോര്‍ ദസ്തയെവ്‌സ്‌കിയുടെ സാഹിത്യലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് ചില്ല സര്‍ഗവേദി സംഘടിപ്പിച്ച പ്രത്യേക പരിപാടി ‘കാലാതീതം – ദസ്തയെവ്‌സ്‌കി’ സാഹിത്യകുതുകികള്‍ അവിസ്മരണീയമാക്കി.

മുമ്പേ നടന്നുപോയ എഴുത്തുകാരില്‍ നിന്ന് ജീവിതദര്‍ശനത്തിനു വേണ്ട പ്രേരണകള്‍ സ്വീകരിക്കുകയും പിറകെ വന്നവരെ ആഴത്തില്‍ പ്രചോദിപ്പിക്കുകയും ചെയ്ത എഴുത്തുകാരനായിരുന്നു ദസ്തയേവ്‌സ്‌കി എന്ന് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചുകൊണ്ട് ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍ അഭിപ്രായപ്പെട്ടു.

‘ദസ്തയെവ്‌സ്‌കിയുടെ സ്ത്രീ കഥാപാത്രങ്ങള്‍’ എന്ന വിഷയം ആര്‍.മുരളീധരനും ‘ദസ്തയെവ്‌സ്‌കിയന്‍ തത്വശാസ്ത്രം’ ഷമീം താളാപ്രത്തും അവതരിപ്പിച്ചു. പുരുഷനിയന്ത്രിത സമൂഹത്തിന്റെ മേല്‍ സ്ത്രീകള്‍ അവരുടെ അസ്തിത്വം സ്ഥാപിച്ചെടുക്കുന്നതിന്റെ ഉത്തമ മാതൃകകളാണ് ദസ്തയേവ്‌സ്‌കിയുടെ സ്ത്രീ കഥാപാത്രങ്ങളെന്ന് ആര്‍ മുരളീധരന്‍ നിരീക്ഷിച്ചു. മനഃശാസ്ത്രാന്വേഷണങ്ങളില്‍ സാഹിത്യത്തിന്റെ സാദ്ധ്യതകള്‍ തുറന്നുവിട്ട ദസ്തയേവ്‌സ്‌കി സര്‍വ്വകാലത്തേക്കും പരന്നുകിടക്കുന്ന എഴുത്തുകാരനാണെന്ന് ശമീം താളാപ്രത്ത് വിലയിരുത്തി.

ദസ്തയെവ്‌സ്‌കിയുടെ വിഖ്യാത നോവല്‍ ‘കുറ്റവും ശിക്ഷയും’ ജയചന്ദ്രന്‍ നെരുവമ്പ്രം അവതരിപ്പിച്ചു. മനുഷ്യന്റെ അന്തഃസംഘര്‍ഷങ്ങളെ ഏറ്റവും നന്നായി അപഗ്രഥിക്കുന്ന മനശാസ്ത്രജ്ഞനാണ് ദെസ്തയോവ്‌സ്‌കി എന്ന വിശേഷണം ‘കുറ്റവും ശിക്ഷയും’ എന്ന നോവല്‍ തെളിയുക്കുന്നതാണെന്നും സാമൂഹ്യ വ്യവസ്ഥിതിയോടുള്ള എഴുത്തുകാരന്റെ കലഹമാണ് ഇതിലൂടെ നോവലിസ്റ്റ് പറയുന്നതെന്നും ജയചന്ദ്രന്‍ പറഞ്ഞു.

ദുരിതങ്ങളുടെ കൊടുംകയ്പ് കുടിച്ചുവറ്റിച്ച മനുഷ്യാത്മാക്കളാണ് ദസ്തയെവ്‌സ്‌കി സൃഷ്ടിച്ച കഥാപാത്രങ്ങളെന്ന് ‘നിന്ദിതരും പീഡിതരും’ എന്ന പുസ്തകത്തിന്റെ വായാനാനുഭവം പങ്കിട്ട വിപിന്‍ അഭിപ്രായപ്പെട്ടു. സാഹിത്യചരിത്രത്തിലെ ഏറ്റവും ഉത്കൃഷ്ടവും പ്രശസ്തവും ശ്രേഷ്ഠവുമായ നോവലാണ് ‘കാരമസോവ് സഹോദന്മാര്‍’ എന്ന് പുസ്തകത്തിന്റെ ആസ്വാദനം നടത്തിക്കൊണ്ട് ഇഖ്ബാല്‍ കൊടുങ്ങല്ലൂര്‍ പറഞ്ഞു.

വായനക്കാരനെ നിരന്തരം വായിക്കാന്‍ പ്രേരിപ്പിക്കുന്ന പുസ്തകങ്ങളിലൊന്നാണ് ഇതെന്നും ഇഖ്ബാല്‍ പറഞ്ഞു. എ.പ്രദീപ് കുമാര്‍, മുനീര്‍ വട്ടേക്കാട്ടുകര, എം.ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. ശിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ നൗഷാദ് കോര്‍മത്ത് മോഡറേറ്ററായി. ബീന, നിജാസ്, ജോസഫ് അതിരുങ്കല്‍, നജിം കൊച്ചുകലുന്ക്, റഫീഖ് പന്നിയങ്കര, ഡാര്‍ലി തോമസ്, സിജിന്‍ കൂവള്ളൂര്‍,അഖില്‍ അബ്ദുള്ള, നജ്മ നൌഷാദ്, മിനി നന്ദന്‍, നന്ദകുമാര്‍, നാസി, അഖില്‍ ഫൈസല്‍, ഷഫീഖ്, റാഷിദ് ഖാന്‍, അബ്ദുല്‍സലാം, സുജിത് സുബ്രഹ്മണ്യന്‍, അന്‍വര്‍ പിവി, സുരേഷ് ബാബു, ഹരികൃഷ്ണന്‍, മുഹമ്മദ് ജുനൈദ്, നൌഫല്‍ പാലക്കാടന്‍, ജാബിരലി, നിബു വര്‍ഗീസ്, ശിഹാബ് കുന്ചീസ്, കെ.എ സലിം എന്നിവര്‍ സംബന്ധിച്ചു.

Advertisement