റിയാദ്: സാഹിത്യ-ചലച്ചിത്ര നിരൂപകനും നാടകപ്രവര്‍ത്തകനും എം ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് മേധാവിയുമായ ഡോ വി.സി.ഹാരിസിന്റെ നിര്യാണത്തില്‍ ചില്ല സര്‍ഗവേദി അനുശോചിച്ചു.

മലയാളത്തില്‍ ഉത്തരാധുനികതയെക്കുറിച്ചുനടന്ന സംവാദങ്ങളില്‍ വിസി ഹാരിസിന്റെ സംഭാവന എടുത്ത് പറയേണ്ടതാണ്.

സിനിമയെക്കുറിച്ച് അതിസൂക്ഷ്മനിരീക്ഷണങ്ങള്‍ നടത്തി നിലപാടെടുത്തിട്ടുള്ള ചലച്ചിത്രനിരൂപകന്‍, ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗമായി പ്രവര്‍ത്തിച്ചുകൊണ്ട് ആ മേഖലയില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയ ആള്‍, നാടകരചയിതാവ്, വിവര്‍ത്തകന്‍, അഭിനേതാവ് തുടങ്ങി വിവിധ മേഖലകളില്‍ വി സി ഹാരിസിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു.

ഹാരിസിനെ പോലുള്ള ഒരു സര്‍ഗാത്മക ചിന്തകനെ, എഴുത്തുകാരനെ, സര്‍വോപരി വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കുന്ന അദ്ധ്യാപക സുഹൃത്തിനെയാണ് മലായാളത്തിന് നഷ്ടമായതെന്ന് ചില്ല അനുശോചന കുറിപ്പില്‍ പറഞ്ഞു.