ഫേസ്ടൂഫേസ് / ഏലിയാസ് കോഹന്‍

ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയിലെ സാന്റിയാഗോയില്‍ ജനിച്ചു വളര്‍ന്ന ഏലിയാസ് കോഹന് നാടകം തന്റെ ജീവവായു പോലെയാണ്. നാടകസംവിധായകന്‍, നടന്‍, നര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ അദ്ദേഹം ഫിസിക്കല്‍ തിയേറ്റര്‍ എന്ന നാടകസങ്കേതത്തിന്റെ വക്താവ് കൂടിയാണ്. ഇന്ത്യന്‍ നാടകങ്ങളെ കുറിച്ച് പഠിക്കാനായി കഴിഞ്ഞ പന്ത്രണ്ടു വര്‍ഷത്തിനിടെ എട്ടു തവണയാണ് കോഹന്‍ ഇന്ത്യ സന്ദര്‍ശിച്ചത്. അതില്‍ മുക്കാല്‍ ഭാഗം അദ്ദേഹം ചെലവഴിച്ചതും കേരളത്തില്‍ തന്നെ. കഴിഞ്ഞ ഡിസംബറില്‍ തൃശൂരില്‍ വച്ചു നടന്ന അന്താരാഷ്ട്ര നാടകമേളയില്‍ അവതരിപ്പിച്ച ‘ലാസ് ഇന്ത്യാസ് ‘ എന്ന നാടകത്തിന്റെ വിജയത്തോടെ കേരളത്തിലെ കലാകാരന്‍മാരുമായി ചേര്‍ന്ന് സുനാമി എക്‌സ്പ്രസ് എന്ന മറ്റൊരു നാടകം ലോകമൊട്ടാകെ അവതരിപ്പിക്കാനുളള ശ്രമത്തിലാണ് അദ്ദേഹം. ഏലിയാസ് കോഹനുമായി ജിഷ മാട്ടട നടത്തിയ സംഭാഷണത്തില്‍ നിന്നും.

ചിലിയിലെ താങ്കളുടെ കുട്ടിക്കാലത്തെ കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെക്കാമോ?

ഞാന്‍ ജനിച്ചത് ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിലാണ്. ഞാന്‍ ജനിച്ച അതേ വര്‍ഷം, 1973 ല്‍ തന്നെയാണ് പ്രസിഡന്റിനെ വധിച്ച് സൈന്യം ഭരണത്തിലേറിയത്. ഞാന്‍ പിറന്നു വീണതു തന്നെ ഏകാധിപത്യ ഭരണത്തിലേക്കാണെന്ന് പറയാം. ഏകദേശം 18 വര്‍ഷത്തോളം അതു നീണ്ടു നിന്നു. എന്റെ അച്ഛന്‍ ഒരു കലാകാരനായിരുന്നു. നാടകങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. അതു മാത്രമല്ല ഞങ്ങളുടെ കുടുംബം കുറച്ച് ഇടതുപക്ഷ ചിന്താഗതിക്കാരായിരുന്നു. അതുകൊണ്ടു തന്നെ അക്കാലത്തെ ജീവിതം കുറച്ചധികം ബുദ്ധിമുട്ടു നിറഞ്ഞതായിരുന്നു. എന്റെ ജീവിതം ഇത്തരത്തില്‍ രൂപപ്പെടുത്തി എടുത്തതില്‍ പ്രധാന പങ്ക് യഥാര്‍ത്ഥത്തില്‍ അക്കാലഘട്ടത്തിനാണ്.

അച്ഛന്‍ കലാരംഗത്തു പ്രവര്‍ത്തിച്ചിരുന്ന ആളാണെന്ന് പറഞ്ഞല്ലോ. നാടക രംഗത്തേക്കു കടന്നു വരാന്‍ അച്ഛന്‍ തന്നെയാണോ കാരണമായത്?

തീര്‍ച്ചയായും അതേ. എന്റെ അച്ഛനില്‍ നിന്നാണ് ഞാന്‍ നാടകത്തെ കുറിച്ച് പഠിച്ചു തുടങ്ങുന്നത്. വളരെ ചെറുപ്പം മുതലേ നാടകം കണ്ടും കേട്ടും അറിഞ്ഞാണ് ഞാന്‍ വളരുന്നത്. വളരെ ക്രിയാത്മകമായി ചിന്തിച്ചിരുന്ന ആളായിരുന്നു അച്ഛന്‍. ഏകാധിപത്യം നിലനില്‍ക്കുന്ന സ്ഥലത്ത് നിങ്ങള്‍ക്കൊരിക്കലും സ്വാതന്ത്ര്യം എന്നത് സങ്കല്‍പ്പിക്കാന്‍ പോലും ആകില്ല. പ്രത്യേകിച്ച് പ്രകടന സ്വാതന്ത്ര്യം.

അടുത്ത പേജില്‍ തുടരുന്നു