കോപ്പിയാപ്പോ: ചിലിയില്‍ ഖനിയില്‍ കുടുങ്ങിയ 33 തൊഴിലാളികളെയും പുറത്തെത്തിച്ചു. രക്ഷാപ്രവര്‍ത്തനം വിജയകരമെന്ന് ചിലി പ്രസിഡന്റ് പിനേറ വ്യക്തമാക്കി. 70 ദിവസങ്ങളായി ഖനിയില്‍ സാന്‍ജോസില്‍ ഖനിയില്‍ അകപ്പെട്ട 33 തൊഴിലാളികളേയാണ് ഒരു ദിവസം നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിലൂടെ ഉപരിതലത്തിലെത്തിച്ചത്. എല്ലാവരും സുരക്ഷിതരാണ്. ഉന്നത പരിശീലനം ലഭിച്ച 16 പ്രത്യേക ദൗത്യസേനാംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനം.

രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകാന്‍ 40 മണിക്കൂറെങ്കിലും എടുക്കുമെന്നാണ് കണക്കുകൂട്ടിയതെങ്കിലും പ്രതീക്ഷിച്ചതിലും വേഗം രക്ഷാപ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചുവെന്ന് ഖനി മന്ത്രി ലോറന്‍സ് ഗോള്‍ബോണ്‍ പറഞ്ഞു. രക്ഷപ്പെടുത്തിയവരെ അടിയന്തിര വൈദ്യശുശ്രൂഷയ്ക്കായി കോപ്പിയാപ്പോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.