[]ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണം നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ചു വരികയാണല്ലോ.. സമൂഹത്തിലെ പല തരത്തിലുള്ള ആളുകളും ഇന്ന് ഫേസ്ബുക്ക് ഉപയോഗിക്കുകയും, ആശയ വിനിമയം നടത്തുന്നവരുമാണ്. പുതിയ സൗഹൃദങ്ങള്‍ ഫേസ്ബുക്കിലൂടെ പൂത്ത് തളിര്‍ക്കുമ്പോള്‍, ചിലത് അങ്കം കുറിച്ച് പരാജയപ്പെടുന്നു.
മുതിര്‍ന്നവരെ പോലെ തന്നെ കുട്ടികളും ഇന്ന് ഫേസ്ബുക്കെന്ന സോഷ്യല്‍ സൈറ്റ് ഉപയോഗിക്കുന്നവരാണ്. കമ്പ്യൂട്ടറും. ഇന്റര്‍നെറ്റുമുള്ള വീടുകളിലെ കുട്ടികള്‍ പ്രത്യേകിച്ചും
അതിന്റെ സന്താനങ്ങളായി മാറി കഴിഞ്ഞിരിക്കുന്നു.
എന്നാല്‍ സോഷ്യല്‍ മീഡിയ സൈറ്റ് ഉപയോഗിക്കാന്‍ പ്രായ പരിമിധി നിശ്ചയിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാല്‍ ഇന്ന് ഈ പ്രായ പരിധി മറികടന്ന്, കൂട്ടം കൂടി കളി ചിരി നടത്തുന്നതിന് പകരം ഫേസ്ബുക്ക് ലേകത്ത് ചടഞ്ഞു കൂടുന്ന അവസ്ഥയിലേക്കെത്തിയിരിക്കുന്നു നമ്മുടെ ഇളം തലമുറക്കാര്‍.[]
അമേരിക്കന്‍ കണ്‍സ്യൂമര്‍ അഡ്വക്കസി പബ്ലിക്കേഷന്റെ കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട് പ്രകാരം ഇരുപതു ദശലക്ഷം പ്രായപൂര്‍ത്തിയാക്കാത്ത കുട്ടികള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടെന്നാണ്. അവരില്‍ തന്നെ പതിമൂന്ന് വയസില്‍ താഴെയുള്ളവര്‍ ഏഴരക്കോടിയും, പത്തു വയസിന് താഴെയുള്ളവര്‍ അഞ്ചു ദശലക്ഷവുമെന്നാണ് കണക്ക്.
ഫേസ്ബുക്ക് ഉപയോഗിക്കുന്നത് കൊണ്ട് കുട്ടികളില്‍ എന്താണ് സംഭവിക്കുന്നതെന്ന് ചോദിച്ചാല്‍, പരസ്പരം ആശയവിനിമയം നടത്തി കൂട്ടു കൂടുന്ന സ്വഭാവം കുട്ടികള്‍ക്കിടയില്‍ നിന്ന് അപ്രത്യക്ഷമാകുന്നു. ഇതിന് പുറമേ അക്രമവാസനയും, പകയും, വിദ്വേഷവും കുട്ടികളിലുണ്ടാക്കാന്‍ ഇടയാക്കുന്നു എന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ഫേസ്ബുക്കിലൂടെ ഭീഷണികളും ഹരാസ്‌മെന്റും നേരിട്ട കുട്ടികളുടെ എണ്ണം പോയവര്‍ഷം മാത്രം ഒരു ദശലക്ഷമാണെന്നാണ് കണക്ക്. പോരാത്തതിന് ക്രിമിനല്‍ വാസന,
തട്ടിപ്പ്, പകപോക്കല്‍ തുടങ്ങിയ ദുഃശീലങ്ങളും ഫേസ്ബുക്ക് നിരന്തരമായി ഉപയോഗിക്കുന്ന കുട്ടികളില്‍ കാണാം.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഫേസ്ബുക്ക് അക്കൗണ്ട് നിരസിക്കുന്നുണ്ട്. എന്നാല്‍ ഈ വിദ്യയെ വളരെ എളുപ്പത്തില്‍ തന്നെ മറിക്കടക്കാം. ഫേസ്ബുക്കില്‍ ജോയിന്‍ ചെയ്യുമ്പോള്‍ ഓരോ ആപ്ലിക്കേഷനും കൃത്യമായി സ്‌ക്രീന്‍ ചെയ്യുന്നുണ്ട്. ജനനത്തീയതി ചോദിക്കുമ്പോള്‍ മൈനര്‍മാരാണെങ്കില്‍ അപേക്ഷ നിരസിക്കുകയും ചെയ്യും.
എന്നാല്‍ ജനനത്തീയതി തെറ്റായി നല്‍കി കുട്ടികള്‍ തന്ത്രപ്പൂര്‍വ്വം ഫേസ്ബുക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നു. നിയമപ്രകാരം ഫേസ്ബുക്കില്‍ ജോയ്ന്‍ ചെയ്യാന്‍ കഴിയാത്ത ഒരുപാടുപേര്‍ തടസമൊന്നും കൂടാതെ ഇത്തരം വിദ്യ ഉപയോഗിച്ച് സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ സജീവമാണെന്ന് കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട്‌സിന്റെ ടെക്‌നോളജി എഡിറ്റര്‍ ജെഫ് ഫോക്‌സ് പറയുന്നു. ഫേസ്ബുക്കില്‍ ചേരാന്‍ വയസ് തെളിയിക്കുന്ന രേഖകളൊന്നും കാണിക്കേണ്ടതില്ലല്ലോ..?
ഫേസ്ബുക്കിന്റേയും, ഇന്റര്‍നെറ്റിന്റേയും ചതിക്കുഴികള്‍ നിറഞ്ഞ വാര്‍ത്തകള്‍ അനുദിനം പുറത്തുവന്നാലും മാതാപിതാക്കള്‍ ഇക്കാര്യം ശ്രദ്ധിക്കാറില്ല.
കുട്ടികള്‍ ഫേസ്ബുക്ക ഉപയോഗിക്കുന്ന കാര്യത്തില്‍ ഒരു മേല്‍നോട്ടവും അച്ഛന്റേയോ അമ്മയുടേയോ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല താനും.
പത്തു വയസില്‍ താഴെയുള്ളവരും തീരെ ചെറിയ കുട്ടികളുമൊക്കെ സൈറ്റ് ഉപയോഗിക്കുന്നതില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നേയില്ല. യാതൊരുവിധ നിയന്ത്രണവും ഏര്‍പ്പെടുത്തുന്നുമില്ല. കുട്ടികളോട് ചോദിക്കുമ്പോള്‍ അവര്‍ പറയുന്ന ഉത്തരം ഞങ്ങളുടെ മാതാപിതാക്കള്‍ അതില്‍ നിന്ന് തങ്ങളെ വിലക്കുന്നില്ല എന്നതാണ്.
പത്ത് വയസുള്ള കുട്ടികളുടെ മനസ് പത്ത് വയസിനു പറ്റിയ കാര്യങ്ങളില്‍ മാത്രമായിരിക്കുമെന്നാണ് റാഡിക്കല്‍ പേരന്റിങ് എന്ന ബ്ലോഗിന്റെ ക്രിയേറ്റര്‍ വനേസ വാന്‍ പെറ്റന്‍ പറയുന്നത്. എന്നാല്‍ അപരിചിതമായ കൂട്ടുകെട്ടും പരിചിതമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതുമൊക്കെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതകള്‍ ഏറെയെന്നും, അത്തരം പ്രശ്‌നങ്ങള്‍ക്ക് ഉദാഹരണങ്ങളും നിരവധിയാണെന്നും അവര്‍ എടുത്ത് പറയുന്നു.
പ്രായപൂര്‍ത്തിയാകാത്തവര്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് തടയാന്‍ കൃത്യമായ സ്‌ക്രീനിങ് ഫെയ്‌സ്ബുക്കിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് വിവിധ പഠനങ്ങള്‍ അവരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ മാസമാണ് ബുള്ളിയിങ്, ഫേക്ക് പ്രൊഫൈല്‍സ്, മോശം കണ്ടന്റുകള്‍ എന്നിവയില്‍ നിന്ന് രക്ഷപെടാനുള്ള സെക്യൂരിറ്റി ടൂളുകള്‍ ഫേസ്ബുക്ക് അവതരിപ്പിച്ചത്. സ്‌ക്രീനിങ് നടത്തിയാല്‍ അണ്ടര്‍ ഏജ്ഡ് മെമ്പര്‍മാരുടെ എണ്ണം കുറയ്ക്കാന്‍ കഴിയും.
കുട്ടികള്‍ നാളെയുടെ സമ്പത്താണ്. കൃത്യമായ ചിട്ടവട്ടങ്ങളില്ലാതെ വളരുന്നതും വളര്‍ത്തുന്നതും കൊണ്ടാണ് നമ്മുടെ കുട്ടികള്‍ വഴി തെറ്റി പോകുന്നത്. ഇത് നിയന്ത്രിക്കേണ്ടത് രക്ഷിതാക്കളുടെ ബാധ്യതയാണ് ഒപ്പം സമൂഹത്തിന്റേയും.
