എഡിറ്റര്‍
എഡിറ്റര്‍
മാതൃ-ശിശു മരണനിരക്ക് കുറയ്ക്കാന്‍ പ്രത്യക പദ്ധതി; മന്ത്രി വി.എസ്. ശിവകുമാര്‍
എഡിറ്റര്‍
Wednesday 1st January 2014 9:38am

v.s-sivakumar

തിരുവനന്തപുരം: സംസ്ഥാനത്തെ മാതൃ മരണനിരക്കും ശിശുമരണനിരക്കും കുറയ്ക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.

ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജുകളിലും പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളിലും ബ്ലഡ് സ്റ്റോറേജ് യൂണിറ്റുകള്‍ തുടങ്ങും.  പ്രധാന ആശുപത്രികളില്‍ രക്തഘടകങ്ങള്‍ വേര്‍തിരിയ്ക്കുന്ന യൂണിറ്റുകള്‍  ആരംഭിയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തെ തൈക്കാട് ട്രെയിനിംഗ് സെന്ററില്‍ വിളിച്ചുചേര്‍ത്ത സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ സംസ്ഥാനതല യോഗത്തില്‍ അദ്ധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ മാതൃമരണ നിരക്ക് ഒരു ലക്ഷത്തിന്  എണ്‍പത്തിയൊന്നാണ്.  ഇത്  പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിക്കാലത്ത്  നാല്‍പ്പതാക്കി കുറയ്ക്കുകയാണ് ലക്ഷ്യം.

ആയിരത്തിന്  പന്ത്രണ്ട് എന്ന ശിശുമരണനിരക്ക്  ആറ് ആയി കുറയ്ക്കുവാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഈ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് നിലവിലുള്ള പ്രവര്‍ത്തന രീതിയില്‍ കാതലായ മാറ്റം വരുത്തേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഇതിന്റെ ഭാഗമായി  ഓരോ ആരോഗ്യ ബ്ലോക്കിനേയും കേന്ദ്രീകരിച്ചുകൊണ്ട് സ്ഥാപനതല സര്‍വ്വേ നടത്തും.  മാതൃ മരണനിരക്ക് കുറയ്ക്കുവാന്‍ ആശുപത്രികളില്‍ റഫറല്‍ സമ്പ്രദായം  ഏര്‍പ്പെടുത്തും.

ആരോഗ്യകിരണം പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായി വരുന്ന അധിക തുക എത്രയെന്ന്, അതതു ജില്ലാമെഡിക്കല്‍ ഓഫീസര്‍മാര്‍  അപ്പപ്പോള്‍ അറിയിക്കണമെന്നും അത് അനുവദിയ്ക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി അറിയിച്ചു.

ജീവിതശൈലീ രോഗനിയന്ത്രണത്തിനായുള്ള ഏഴിന കര്‍മ്മപരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന സ്‌ക്രീനിംഗ് പദ്ധതിയില്‍, മാര്‍ച്ച് 31നകം ഒരുകോടി ആളുകളെ വിശദമായ പരിശോദനയ്ക്ക് വിധേയമാക്കും.

ഈ പദ്ധതിയില്‍ ഇതിനകം എഴുപത് ലക്ഷത്തോളം പേര്‍ക്ക് സ്‌ക്രീനിംഗ് നടത്തിക്കഴിഞ്ഞു.  ജനവരി 19ന് നടക്കുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി വന്‍ വിജയമാക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിയ്ക്കണമെന്നും  തീരദേശ മേഖലകളിലും ഗിരിവര്‍ഗ്ഗ മേഖലകളിലും കുടിയേറ്റ തൊഴിലാളികള്‍ കൂടുതലുളള പ്രദേശങ്ങളിലും പ്രത്യേക ഇമ്മ്യൂണൈസേഷന്‍ ബൂത്തുകള്‍ തുറക്കണമെന്നും  മന്ത്രി നിര്‍ദേശിച്ചു.

ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ഇളങ്കോവന്‍, ഡയറക്ടര്‍ ഡോ. പി.കെ. ജമീല, ഡോ.എന്‍. ശ്രീധര്‍, ഡോ.എ.സ്. പ്രദീപ് കുമാര്‍, എന്നിവരുള്‍പ്പെടെയുള്ള അഡീഷണല്‍ ഡയറക്ടര്‍മാര്‍ സംസ്ഥാനതല പ്രോഗ്രാം ഓഫീസര്‍മാര്‍, ജില്ലാമെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Advertisement