കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വീണ്ടും ശിശു മരണം കൂടുന്നു. കൊല്‍ക്കത്തയിലെ മാള്‍ഡ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ മാത്രം പത്ത് ശിശുക്കള്‍ മരിച്ചു. ഇതോടെ ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് മരിക്കുന്ന ശിശുക്കളുടെ എണ്ണം 25 ആയി.

Ads By Google

ആശുപത്രി അധികൃതരുടെ അവഗണനയും അനാസ്ഥയുമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ , വിദൂര സ്ഥലങ്ങളില്‍ നിന്ന് ഗുരുതരാവസ്ഥയിലാണ് കുഞ്ഞുങ്ങളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്ച രാത്രി മുതല്‍ പത്ത് ശിശുക്കള്‍ മരിച്ചുവെന്ന് മെഡിക്കല്‍ കോളേജ് ഉദ്യോഗസ്ഥന്‍ ഉച്ചല്‍ കുമാര്‍ മാധ്യമങ്ങളെ അറിയിച്ചു. ആശുപത്രി അധികൃതരുടെ അവഗണനയാണ് മരണകാരണമെന്ന ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു.

രക്ഷിക്കാന്‍ കഴിയുന്നതിന്റെ പരിധിയും വിട്ടുള്ള അതിഗുരുതരാവസ്ഥയിലാണ് കുഞ്ഞുങ്ങളെ ഇവിടെ പ്രവേശിപ്പിക്കുന്നത്. പാതി മരിച്ച നിലയിലാണ് കുഞ്ഞുങ്ങളെ ഇവിടെ കൊണ്ടുവരുന്നത്. തങ്ങളുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥയുടെ പ്രശ്‌നം വരുന്നില്ല.

ബന്ധുക്കള്‍ സംഘടിക്കുന്നത് ആശുപത്രി സേവനത്തെ ബാധിക്കുകയാണ്. ആശുപത്രിയില്‍ നിന്ന് പോകാന്‍ പറഞ്ഞിട്ടും യാതൊരു നിയന്ത്രണവുമില്ലാതെ ക്രമസമാധാനപ്രശ്‌നം സൃഷ്ടിക്കുകയാണ് അവരെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, സംഭവത്തില്‍ പ്രതികരിക്കാന്‍ ആരോഗ്യ സഹമന്ത്രി ഛന്ദ്രിമ ഭട്ടാചാര്യ വിസമ്മതിച്ചു.

നേരത്തെയും മാള്‍ഡ ആശുപത്രിയില്‍ ശിശുമരണം വന്‍തോതില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജനുവരിയില്‍ 100 ശിശുക്കള്‍ മരിച്ചു.