തിരുവനന്തപുരം: ചീഫ് വിപ്പിന് ക്യാബിനറ്റ് റാങ്ക് നല്‍കിയത് നിയമപരമെന്ന് മുഖ്യമന്ത്രി. സംസ്ഥാന നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവിനും ചീഫ് വിപ്പിനും ക്യാബിനറ്റ് റാങ്കിന്റെ ആനുകൂല്യങ്ങള്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇത് സംബന്ധിച്ച് സെബാസ്റ്റ്യന്‍പോള്‍ അയച്ച പരാതിക്ക് മറുപടി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്കും വിശദീകരണം നല്‍കിയിട്ടുണ്ട്. വിജിലന്‍സ് കോടതി ജഡ്ജിക്കെതിരേ പി.സി. ജോര്‍ജ് പരാതി അയച്ചതിനെക്കുറിച്ച് താന്‍ അഭിപ്രായം പറയേണ്ടതില്ല. ജോര്‍ജിന്റെ നടപടിയോട് യോജിപ്പില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. കത്തയച്ച വിവരം മാധ്യമങ്ങളിലൂടെയാണ് താന്‍ അറിഞ്ഞത്. കേസില്‍ അപ്പീല്‍ പോകില്ലെന്ന് താന്‍ നേരത്തെ പറഞ്ഞതാണെന്നും അതാണ് തന്റെ നിലപാടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.