ജംഷി

റെഡ് ഇന്ത്യന്‍ ഗോത്രഭൂമിയായിരുന്ന വാഷിങ്ടണ്‍ പ്രദേശത്തിന്റെ ഉടമസ്ഥാവകാശം കയ്യാളുന്നതിനായി 14ാമത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഫ്രാങ്കഌന്‍ പിയേഴ്‌സണ്‍ തന്റെ ഗവര്‍ണറായിരുന്ന ഐസക് ഇന്‍ ഗാല്‍ഫ് സ്റ്റീവണ്‍സിനെ കച്ചവട ഉടമ്പടിയുമായി അയച്ചു. ഇന്നത്തെ സിയാറ്റില്‍ നഗരം സ്ഥിതി ചെയ്യുന്ന അന്നത്തെ കുടിയേറ്റക്കാരായ ഇന്ത്യക്കാരുടെ കച്ചവട കേന്ദ്രത്തിലേക്കായിരുന്നു സ്റ്റീവണ്‍സിനെ അയച്ചത്.

പിയേഴ്‌സിന്റെ ദൗത്യവുമായെത്തിയ ഗവര്‍ണര്‍ക്ക് ഇന്ത്യക്കാര്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ റെഡ് ഇന്ത്യന്‍ തലവന്‍ സിയാറ്റില്‍ മൂപ്പന്‍ വെളുത്ത മനുഷ്യന്റെ ദുരകള്‍ക്കെതിരെ നടത്തിയ മറുപടി പ്രസംഗമാണിത്.

പരിസ്ഥിതി പ്രവര്‍ത്തകരുടെ മാഗ്നാകാര്‍ട്ട എന്ന് വിശേഷണം നല്‍കി അദ്ദേഹത്തിന്റെ വാക്കുകളെ ലളിതവത്കരിക്കാനാണ് പലരും ശ്രമിക്കുന്നത്. കേവലമായ പരിസ്ഥിതി ചിന്തകള്‍ക്കപ്പുറം മണ്ണിന്റെയും പിതൃക്കളുടെയും കനിവുകള്‍ മറന്നു കളയുന്ന അധിനിവേശ ചിന്തകള്‍ക്കെതിരെ ക്ഷമാപൂര്‍ണവും കരുത്തുറ്റതുമായ പ്രതിരോധത്തിന്റെ മൊഴികളാണിവ. ആസക്തമായ മനുഷ്യബോധത്തിന് അപരിഷ്‌കൃതനെന്ന് സ്വയം വിശേഷിപ്പിച്ച സിയാറ്റില്‍ മൂപ്പന്റെ മൊഴികളെ തിരിച്ചറിയാനാകാതെ പോയത് സ്വാഭാവികത മാത്രമാണെന്ന് കരുതാം.

‘തിട്ടപ്പെടുത്തപ്പെടാനാകാത്ത നൂറ്റണ്ടുകളിലൂടെ എന്റെ പരമ്പരകള്‍ക്ക് മേല്‍ അഗാധമായ കാരുണ്യത്തിന്റെ കണ്ണീരിറ്റിച്ച, അഭൗതികമെന്നും പരിണാമാതീതമെന്നും എന്നും ഞങ്ങള്‍ വിശ്വസിച്ചിരുന്ന, എന്റെയീ ഗോത്രാകാശവും മാറിപ്പോകും. ഇന്നത് തെളിവാര്‍ന്നതും ശാന്തവുമാണ്. നാളെ കരിമേഘങ്ങളാല്‍ അത് ആവൃതമായേക്കാം. എന്റെ വാക്കുകള്‍ സ്ഥായിയായ നക്ഷത്രങ്ങളെപ്പോലെയാണ്. ഋതുക്കളുടെയും ദിനരാത്രങ്ങളുടെയും ആവര്‍ത്തനങ്ങളില്‍ വിശ്വസിക്കുന്നതുപോലെ വാഷിങ്ടണിന്റെ മേലാളന് എന്റെ വാക്കുകളെ ഏറ്റുവാങ്ങാം.

വെളുത്ത ഗോത്രത്തിന്റെ മേലാളനായ അങ്ങ് പറയുന്നത് വാഷിങ്ടണിന്റെ വലിയ മൂപ്പന്‍ എന്റെ ഗോത്രത്തോട് സൗഹൃദത്തിന്റെയും സൗമനസ്യത്തിന്റെയും ആശംസകള്‍ അറിയിക്കുന്നുവെന്നാണ്. തീര്‍ച്ചയായും അത് എന്റെ ജനതയോട് നിങ്ങള്‍ കാട്ടുന്ന ഉദാരത തന്നെയാണ്. കാരണം ഞങ്ങളുടെ സൗഹൃദത്തിന്റെ വീണ്ടെടുപ്പുകൊണ്ട് അദ്ദേഹത്തിന് മഹത്തായ പ്രയോജനങ്ങളൊന്നുമില്ലെന്ന് ഞങ്ങള്‍ക്കറിയാം.

നിങ്ങളുടെ ജനത നിരവധിയാണ്. പ്രയറിയുടെ വിശാലതയെ ആവരണം ചെയ്യുന്ന പുല്‍ക്കൂട്ടങ്ങളെപ്പോലെയാണ് നിങ്ങള്‍. ഞങ്ങള്‍ കുറച്ചുപേര്‍ മാത്രം. സമതലങ്ങളിലെ, കൊടുങ്കാറ്റിലുലയുന്ന ഏകാകികളായ വൃക്ഷങ്ങളെപ്പോലെയാണവര്‍.

നിങ്ങളുടെ ദൈവം നിങ്ങളുടെ ജനതയെ നിരന്തരം കരുത്തരാക്കുന്നു. വൈകാതെ വെളുത്ത ഗോത്രം ഈ മണ്ണിന്റെ വിശാലതയില്‍ നിറഞ്ഞുപരക്കും.

മഹാനായ (ആ വാക്കുതന്നെ ഞാന്‍ ഉച്ഛരിക്കട്ടെ) വെളുത്ത ഗോത്രത്തിന്റെ മേലാളന്‍ ഞങ്ങളോട് പറയുന്നത് എന്റെ ഗോത്രസ്മൃതികള്‍ പേറുന്ന ഈ മണ്ണ് അദ്ദേഹത്തിന് വിലക്കെടുക്കണമെന്നാണ്. എന്റെ ജനതയുടെ ജീവിതം അലട്ടപ്പെടാതെ തുടരും വിധം ഞങ്ങള്‍ക്കായി മണ്ണ് മാറ്റിവക്കാമെന്നും അദ്ദേഹം പറയുന്നു. തീര്‍ച്ചയായും ഇത് എന്റെ ജനതയോട് കാട്ടുന്ന മഹത്തായ നീതി തന്നെയായി പരിഗണിക്കപ്പെടും. കാരണം ആദരിക്കപ്പെടേണ്ടതായ യാതൊന്നും ഇന്നീ ചുവന്ന മനുഷ്യരുടെ ഗോത്രത്തിന് അവശേഷിക്കുന്നില്ലല്ലോ. വെളുത്ത മേലാളന്റെ വാക്കുകള്‍ ധിഷണാപൂര്‍വ്വകവുമാണ്. കാരണം മഹത്തായ ഒരു രാഷ്ട്രസങ്കല്‍പത്തിന്റെ അനിവാര്യത എന്റെ ചുവന്ന ഗോത്രത്തിന് ഇനി ആവിശ്യമില്ലെന്നും വന്നിരിക്കുന്നു.

കാറ്റിലുലയുന്ന കടലലകള്‍, കടല്‍ച്ചിപ്പികള്‍ ചിന്നിയ അതിന്റെ അടിത്തട്ടിനെ പുതപ്പിക്കും പോലെ എന്റെ ജനത ഈ മണ്ണിനെ പുതപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലം എന്നോ കടന്നുപോയി. എന്റെ ഗോത്രത്തിന്റെ വിശുദ്ധികള്‍ ഇന്ന് വിസ്മരിക്കപ്പെട്ടപോലെയായി. എന്റെ ജനതയുടെ അകാലമായ അന്ത്യങ്ങളില്‍ ഞാന്‍ കണ്ണീരൊഴുക്കുന്നില്ല. ഞങ്ങളുടെ ഗോത്രഭ്രംശങ്ങള്‍ക്ക് തീവ്ര വേഗം പകര്‍ന്ന എന്റെ വെളുത്ത സഹോദരങ്ങള്‍ക്കെതിരെ ഞാന്‍ കുറ്റം വിധിക്കുന്നുമില്ല. കുറ്റങ്ങളില്‍ നിന്ന് എന്റെ ജനതയും വിമുക്തരല്ല.

യാഥാര്‍ത്ഥമോ മിഥ്യയോ ആയ നീതികേടുകള്‍ക്കെതിരെ പ്രതിരോധമൊരുക്കാനായി എന്റെ ജനതയുടെ യൗവ്വനങ്ങള്‍ സ്വന്തം മുഖങ്ങളെ കറുപ്പിന്റെ ചായം കൊണ്ട് വികലമാക്കിയപ്പോള്‍ അവരുടെ മനസുകളും ഇരുണ്ടതും വികലങ്ങളുമായി. അവരുടെ ക്രൗര്യങ്ങള്‍ കഠിനവും സീമാതീതങ്ങളുമായി. ഞങ്ങളുടെ വാര്‍ദ്ധക്യത്തിന്റെ സൗമനസ്യങ്ങള്‍ക്ക് അവരെ തിരിച്ചു വിളിക്കാനാകാതെയായി. പക്ഷേ വെളുത്ത മനുഷ്യന്‍ എന്റെ പൂര്‍വ്വപരമ്പരകളെ പടിഞ്ഞാറിന്റെ മണ്ണിലേക്ക് എന്നേക്കുമായി ബഹിഷ്‌കൃതരാക്കാന്‍ തുനിഞ്ഞപ്പോഴായിരുന്നു അത്. സംഘര്‍ഷത്തിന്റെ ആ പഴയ ദിനങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന് ഞാനാശിക്കുന്നു. കാരണം നമുക്ക് നഷ്ടപ്പെടാനുള്ളത് എല്ലാമെല്ലാമാണ്. നേടാനാകട്ടെ അര്‍ത്ഥവത്തായി യാതൊന്നുമില്ലതാനും.