തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാകളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനം.

ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ കളക്ടറുടെ റിപ്പോര്‍ട്ടില്‍ നടപടി ആവശ്യപ്പെട്ട് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു.എന്നാല്‍ റവന്യു സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെയും കൂടി അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടാന്‍ തീരുമാനിക്കുകയായിരുന്നു.

സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്നും വാട്ടര്‍ വേള്‍ഡ് കമ്പനിക്ക് നോട്ടീസ് അയക്കണമെന്നും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മണ്ണിട്ട് നികത്തിയതിലും പാര്‍ക്കിങ് ഗ്രൗണ്ട് തയ്യാറാക്കിയതിലും ഒന്നിലേറെ നിയമലംഘനങ്ങള്‍ ലേക്ക് പാലസ് റിസോര്‍ട്ടില്‍ നടന്നിട്ടുണ്ടെന്നും സ്ഥലം ബന്ധുവിന്റെ പേരിലാണെന്ന് ചൂണ്ടിക്കാട്ടി തോമസ് ചാണ്ടിക്ക് രക്ഷപ്പെടാനാവില്ലെന്നുമാണ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.


Also Read വിരട്ടാനാണ് ഉദ്ദേശമെങ്കില്‍ വിലപോവില്ല, തെറ്റ് ചെയ്ത നിങ്ങളുടെ മറുപടിക്കാണ് ഞാന്‍ കാത്തിരിക്കുന്നത്; എച്ച് രാജക്കെതിരെ നിലപാട് കടുപ്പിച്ച് വിശാല്‍


എന്നാല്‍ മാര്‍ത്താണ്ഡം കായല്‍ കൈയേറ്റം, നീര്‍ച്ചാല്‍ നികത്തല്‍, വലിയകുളം-സീറോ ജെട്ടി റോഡ് റിസോര്‍ട്ടിനായി ഉപയോഗിച്ചത് എന്നീ കാര്യങ്ങളില്‍ കലക്ടറുടെ അന്വേഷണം നിയമവിരുദ്ധവും അനാവശ്യവുമാണെന്നാണ് തോമസ് ചാണ്ടിയുടെ നിലപാട്. ഇക്കാര്യങ്ങള്‍ കോടതിയുടെ പരിഗണനയിലാണ്. അതുകൊണ്ടുതന്നെ കലക്ടറുടെ അന്വേഷണം കോടതി നടപടികളോടുള്ള അവഹേളനമാണെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.
അതേസമയം എല്‍.ഡി.എഫ് നടത്തിവരുന്ന ജനജാഗ്രതാ യാത്രയ്ക്കിടയില്‍ രാജിപോലുള്ള തീരുമാനമുണ്ടായാല്‍ അത് രാഷ് ട്രീയ തിരിച്ചടിയാകും എന്നതിനാലാണ് സര്‍ക്കാര്‍ നിയമോപദേശം തേടി തീരുമാനം വൈകിപ്പിക്കുന്നതെന്ന് ഇതിനോടകം ആരോപണമുയര്‍ന്നിട്ടുണ്ട്.