കല്‍പറ്റ: ശ്രേയാംസ്‌കുമാര്‍ കൈവശം വെച്ച ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച കോടതി വിധി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോടതി വിധി നടപ്പിലാക്കാന്‍ ഒക്ടോബര്‍ 7വരെ സമയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതി വിധി നടപ്പിലാക്കേണ്ടത് സര്‍ക്കാരാണ്. ഒക്ടോബര്‍ 7നുള്ളില്‍ സര്‍ക്കാര്‍ അത് നടപ്പിലാക്കും. ഭൂമിയേറ്റെടുക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും ഇതില്‍ തൃപ്തരല്ലെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ, പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ വയനാട്ടിലെത്തിയ മുഖ്യമന്ത്രിയെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികളാണ് വയനാട്ടില്‍ നടക്കുന്നത്. ശ്രേയാംസ്‌കുമാര്‍ കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തതാണ് പ്രതിഷേധത്തിനിടയാക്കുന്നത്.

വയനാട് കൃഷ്ണഗിരി എസ്‌റ്റേറ്റില്‍ എം.വി.ശ്രേയാംസ്‌കുമാര്‍ അനധികൃതമായി കൈവശംവച്ച 16 ഏക്കര്‍ ഭൂമി ഒരുമാസത്തിനകം സര്‍ക്കാരിനു കൈമാറണമെന്ന് ജൂണ്‍ 1ന് ഹൈക്കോടതി വിധിച്ചിരുന്നു. ഭൂമി കൈമാറിയില്ലെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ ഏറ്റെടുക്കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഭൂമിയേറ്റെടുക്കാന്‍ കോടതി നല്‍കിയ കാലാവധി ആഗസ്റ്റ് 31ന് അവസാനിച്ചിട്ടും നടപടികളൊന്നും ഉണ്ടായില്ല. ഇതിനിടയില്‍ ശ്രേയാംസ്‌കുമാര്‍ വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്നും ഭൂമി കേസിന് ഹൈക്കോടതി ഉടന്‍തീര്‍പ്പുകല്‍പ്പിക്കണമെന്നും കോടതി ഉത്തരവിടുകയായിരുന്നു.