എഡിറ്റര്‍
എഡിറ്റര്‍
കലാലയങ്ങളില്‍ ഏകശിലാരൂപത്തിലുള്ള സമ്പ്രദായം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
എഡിറ്റര്‍
Monday 27th March 2017 11:48pm

തിരുവനന്തപുരം: സംസ്ഥാനത്തെ കലാലയങ്ങളില്‍ ഏകശിലാരൂപത്തിലുള്ള സമ്പ്രദായം അടിച്ചേല്‍പ്പിക്കുക എന്നത് ആപല്‍ക്കരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സര്‍വ്വകലാശാലയുടെ കലോത്സവം ഉദ്ഘാടനം ചെയ്തതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം മുഖ്യമന്ത്രി പറഞ്ഞത്.

ഏകശിലാരൂപത്തിലുള്ള സമ്പ്രദായം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്യാംപസുകള്‍ മതനിരപേക്ഷവും സര്‍ഗാത്മകവും ആകുന്നതിനെതിരായ ശ്രമങ്ങള്‍ നമ്മള്‍ കണ്ടതാണ്. ദല്‍ഹി സര്‍വ്വകലാശാലയില്‍ അഭിപ്രായസ്വാതന്ത്ര്യത്തെ കുറിച്ച് വീഡിയോ പോസ്റ്റിട്ട ഗുല്‍മെഹറിനെതിരെ ഭീഷണി ഉയര്‍ന്നു. വര്‍ഗീയതയ്ക്കെതിരെ സംസാരിച്ചാല്‍ ബലാല്‍സംഗം ചെയ്യുമെന്ന നിലയിലേക്കു വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കേരള സര്‍വകലാശാലയുടെ കലോത്സവം ഇന്ന് ഉദ്ഘാടനം ചെയ്തു.

ഈ കലോത്സവം ശ്രദ്ധേയമാകാന്‍ പോകുന്നത് ഇവിടെ അവതരിപ്പിക്കപ്പെടാന്‍ പോകുന്ന കലാരൂപങ്ങളുടെ വൈവിധ്യസമൃദ്ധി കൊണ്ടാണ്. ഒരു വൈവിധ്യവുമില്ലാത്ത ഏകതാനതയാണ് കലോത്സവത്തിന് മുഖമുദ്രയെങ്കില്‍ അത് എത്ര വിരസമായിരിക്കും.


Must Read: ‘ഇറച്ചി വില്‍ക്കുന്ന കടകള്‍ നിര്‍ബന്ധിച്ച് പൂട്ടിക്കുന്നത് എന്തിന്?’; ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് ഹൈക്കോടതിയുടെ ചോദ്യം


ഇത് കലയുടെ കാര്യത്തില്‍ മാത്രമല്ല സമൂഹത്തിന്‍റെ കാര്യത്തില്‍ ആകെത്തന്നെ പ്രസക്തമാണ്. നമ്മുടെ സമൂഹം പല ഭാഷകള്‍ കൊണ്ടും സംസ്കാരങ്ങള്‍ കൊണ്ടും കലാരൂപങ്ങള്‍ കൊണ്ടും ജീവിതചര്യകള്‍ കൊണ്ടും വൈവിധ്യസമൃദ്ധമാണ്. ഈ വൈവിധ്യത്തെ അപ്പാടെ ഇല്ലാതാക്കി ഏതെങ്കിലും ഒരു രീതി മാത്രം അടിച്ചേല്‍പിക്കുന്നു എന്നു വെക്കുക. വിരസം മാത്രമല്ല ആപല്‍കരം കൂടിയാകും അത്. അങ്ങനെ ഏകശിലാരൂപത്തിലുള്ള ഏതെങ്കിലും സമ്പ്രദായം അടിച്ചേല്‍പിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരായി ജാഗ്രത പാലിക്കുക എന്നത് വളരെ പ്രധാനമാണ്. ഇത്തരം കലാമേളകളില്‍ കൂടി നമ്മുടെ യുവജനങ്ങള്‍ക്ക് അതിനു കഴിയട്ടെ എന്ന് ആശംസിക്കുകയാണ്.

കാമ്പസുകള്‍ സര്‍ഗ്ഗാത്മകവും മതനിരപേക്ഷവും ആകുന്നതിനെതിരെയുള്ള നീക്കങ്ങള്‍ നാം കണ്ടതാണ്. ജെഎന്‍യു അടക്കമുള്ള കാമ്പസുകളില്‍ മതേതരത്വത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും മൂല്യങ്ങള്‍ ഇല്ലാതാക്കാന്‍ വര്‍ഗീയശക്തികള്‍ കടന്നുകയറ്റം നടത്തുന്നു. കാമ്പസുകളാണ് നാളത്തെ രാഷ്ട്രീയത്തെ വാര്‍ത്തെടുക്കുന്നത് എന്ന തിരിച്ചറിവോടെ മതനിരപേക്ഷതയെ മുച്ചൂടും ഇല്ലാതാക്കാന്‍ വര്‍ഗീയശക്തികള്‍ പദ്ധതി തയ്യാറാക്കി പ്രവര്‍ത്തിക്കുന്നു. ജെഎന്‍യുവില്‍ മാത്രമല്ല, ഹൈദ്രബാദ് സര്‍വകലാശാലയിലും അലഹബാദ് സര്‍വകലാശാലയിലും ഇപ്പോള്‍ ഇതാ ഡെല്‍ഹി സര്‍വകലാശാലയിലും ഒക്കെ ഇതുതന്നെ നടക്കുന്നു.


Don’t Miss: ബി.ജെ.പി പഴയ ബി.ജെ.പി അല്ലത്രേ!; വോട്ടു പിടിക്കാനായി ബീഫ് നിരോധനം വേണ്ടെന്നു വയ്ക്കാന്‍ ഒരുങ്ങി പാര്‍ട്ടിയുടെ പുതിയ അടവ്


ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ അടുത്തയിടെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അഭിപ്രായസ്വാതന്ത്ര്യത്തെ കുറിച്ച് ഒരു സെമിനാര്‍ നടത്തി. ആ സെമിനാര്‍ ഹാള്‍ തന്നെ ചിലര്‍ അടിച്ചുതകര്‍ത്തു. കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികന്‍റെ മകള്‍ ഗുല്‍മെഹര്‍ അഭിപ്രായസ്വാതന്ത്ര്യം വേണമെന്നു ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടു. അങ്ങനെ പോസ്റ്റിട്ടതിന് ഗുല്‍മെഹറെ ബലാല്‍സംഗം ചെയ്യുമെന്നു പരസ്യ ഭീഷണി ഉണ്ടായി വര്‍ഗീയശക്തികളില്‍ നിന്ന്. വര്‍ഗീയതയ്ക്കെതിരെ സംസാരിച്ചാല്‍ ബലാല്‍സംഗം ചെയ്യുമെന്ന നിലയിലേക്കു വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. അതും രാജ്യത്തിനുവേണ്ടി പൊരുതിമരിച്ച സൈനികന്‍റെ മകളെ. ഇത്ര നികൃഷ്ടമായി പെരുമാറുന്ന വര്‍ഗീയശക്തികള്‍ക്ക് ദേശാഭിമാനത്തെക്കുറിച്ച് പറയാന്‍ എന്താണധികാരം? ആ സര്‍വകലാശാലകളിലൊക്കെ നടക്കുന്ന വര്‍ഗീയ ഭീകര വാഴ്ചകള്‍ ഇവിടെ ഉണ്ടാവരുത്. അതിനുള്ള
ജാഗ്രത വിദ്യാര്‍ഥികളിലും അധ്യാപകരിലും സമൂഹത്തിലാകെയും ഉണ്ടാവണം. അത്തരമൊരു ബോധം വളര്‍ത്താനും, ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍ അടങ്ങിയ ഇതുപോലെയുള്ള കലോത്സവങ്ങള്‍ക്കു സാധിക്കും.

ഇത്തരം കലോത്സവങ്ങളില്‍ വിജയികളാവുന്നവര്‍ തന്നെയാണ് പില്‍ക്കാലത്ത് ഈ രംഗത്തെ പ്രഗത്ഭ കലാകാരന്‍മാരും കലാകാരികളുമായി മാറുന്നത്. നിരവധി ഉദാഹരണങ്ങള്‍ എടുത്തു കാട്ടാനുണ്ട്.
എന്നാല്‍ വിദ്യാഭ്യാസ കാലം കഴിയുന്നതോടെ കലാപ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ഒരു വലിയ വിഭാഗമുണ്ട്. നമ്മുടെ പഴയ കലാപ്രതിഭകളുടെയും കലാതിലകങ്ങളുടെയും കണക്കെടുത്താല്‍ ഇത് ബോധ്യമാകും. കലാലയ വിദ്യാഭ്യാസം അവസാനിക്കുന്നതോടുകൂടി അവസാനിക്കുന്നതാവരുത് കലാജീവിതം. പ്രതിഭകള്‍ക്ക് കലയുടെ രംഗത്ത് ഉറച്ചുനില്‍ക്കാന്‍ കഴിയുകയും അതിലൂടെ തന്നെ ഭൗതികജീവിത ഭദ്രത ഉറപ്പുവരുത്താന്‍ കഴിയുകയും ചെയ്യുന്ന ഒരു സാമൂഹ്യാവസ്ഥ രൂപപ്പെടുത്തണം. ഈ വിഷയം ഗൗവരമായി കലാകേരളം ചര്‍ച്ച ചെയ്യണം. അതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള തിരിച്ചറിവ് ഈ സര്‍ക്കാരിനുണ്ട്.

Advertisement