“രാഷ്ട്രീയസ്വാതന്ത്ര്യത്തോടൊപ്പം സാമൂഹിക, സാമ്പത്തിക  സ്വാതന്ത്യം കൂടി വേണം”;

മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശത്തിന്റെ പൂര്‍ണ രൂപം


രാജ്യം ഇന്ന് തികഞ്ഞ അഭിമാനത്തോടെയും അതിലേറെ ആവേശത്തോടെയുമാണ് 66-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ആബാലവൃദ്ധം ജനങ്ങളും ഈ ആഘോഷത്തില്‍ പങ്കെടുക്കുന്നത് ഏറ്റവും സന്തോഷകരമായ കാഴ്ചയാണ്.

Ads By Google

നൂറ്റിമുപ്പത്തിമൂന്നിലധികം കോടി ജനങ്ങളെ അവരുടെ എല്ലാവിധ വൈവിധ്യങ്ങളോടെയും സംരക്ഷിച്ച്,  എല്ലാ വിഭാഗങ്ങള്‍ക്കും നീതി പകര്‍ന്ന്, ലോകത്തിനു തന്നെ മാതൃകയായി, സുദൃഢമായ ജനാധിപത്യരാജ്യമായി ഭാരതം ഇന്നു ശോഭിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം ഇന്ന് ലോകത്തിലെ പ്രബല സാമ്പത്തികശക്തി കൂടിയാണ്. ഏറ്റവുമധികം ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരുമുള്ള രണ്ടാമത്തെ രാജ്യമാണു നമ്മുടേത്.  സൂപ്പര്‍ കംപ്യൂട്ടറുകളും  ഭൂഖണ്ഡാന്തര മിസൈലുകളുമുള്ള അപൂര്‍വ രാജ്യം. അതോടൊപ്പം  ദുര്‍ബലരെയും പാവപ്പെട്ടവരെയും സംരക്ഷിക്കുന്ന  രാജ്യവുമാണു നമ്മുടേത്.   ജനാധിപത്യത്തിന്റെ ഉജ്വലമായ വിജയം തന്നെയാണ് നമ്മുടെ രാജ്യം.

ലോകജനതയെ ആകമാനം ഗ്രസിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയിലും  മികച്ച വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയത് നമ്മുടെ രാജ്യത്തിന്റെ ഭദ്രമായ സാമ്പത്തിക അടിത്തറയെ  മാത്രമല്ല, പ്രതിസന്ധികളെ പൊരുതി മറികടക്കാനുള്ള നമ്മുടെ കരുത്തിനെ കൂടിയാണ് വെളിപ്പെടുത്തുന്നത്.  ലോകത്തിന്റെ പല ഭാഗത്തും ആഭ്യന്തരകലഹങ്ങളും വിഘടനവാദങ്ങളും മുഴങ്ങുമ്പോള്‍, ആയിരക്കണക്കിന് ചെറുതും വലുതുമായ ജനവിഭാഗങ്ങളെ ഉള്‍ക്കൊണ്ട് മുന്നേറുന്ന മഹത്തായ രാജ്യമാണു നമ്മുടേത്.
1857ല്‍ തൂക്കിലേറ്റപ്പെട്ട മംഗള്‍ പാണ്‌ഡെ മുതല്‍ ലക്ഷക്കണക്കിന് ആളുകള്‍ ജീവനും രക്തവും നല്‍കി, മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ പോരാട്ടത്തിലൂടെ നേടിയെടുത്തതാണ് നമ്മുടെ സ്വാതന്ത്ര്യം. അതിന്റെ വിലയും മാഹാത്മ്യവും തലമുറതലമുറ മങ്ങാതെ കൈമാറേണ്ട ഉത്തരവാദിത്വം നമുക്ക് ഓരോരുത്തര്‍ക്കുമുണ്ട്.  രാജ്യത്തിനുവേണ്ടി ജീവനും രക്തവും നല്കിയ മഹാത്യാഗികളെ എല്ലാവരെയും ആദരവോടെ സ്മരിക്കുന്നു.

ക്രാന്തദര്‍ശിയായ ജവഹര്‍ലാല്‍ നെഹ്‌റു പാകിയ ശക്തമായ അടിത്തറയില്‍ നിന്നാണ് രാജ്യം ഇപ്പോള്‍ ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ തലയുയര്‍ത്തി നില്ക്കുന്നത്. യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ മഹാത്മാഗാന്ധി തൊഴിലുറപ്പ് നിയമം, വിവരാവകാശ നിയമം, ഭക്ഷ്യസുരക്ഷാനിയമം, വിദ്യാഭ്യാസ അവകാശ നിയമം തുടങ്ങിയവ സാധാരണക്കാര്‍ക്കു വേണ്ടിയുള്ള ഐതിഹാസിക നിയമങ്ങളാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനടയില്‍ 4,04,807 കോടി രൂപയാണ് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചത്. ഇത് ഇന്ത്യന്‍ ഗ്രാമങ്ങളുടെ മുഖച്ഛായ തന്നെ മാറ്റിക്കളഞ്ഞു.

വികസന, ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിശ്ചലമായിരുന്ന സംസ്ഥാനത്തെ ഒരൊറ്റവര്‍ഷംകൊണ്ട് ചലനോന്മുഖമാക്കാന്‍ യുഡിഎഫ് സര്‍ക്കാരിനു സാധിച്ചു. സര്‍വതല സ്പര്‍ശിയും ദൂരവ്യാപകമായ ഫലങ്ങള്‍ ഉളവാക്കുന്നതും വലിയ മുതല്‍മുടക്ക് ആവശ്യമുള്ളതുമായ വിവിധങ്ങളായ പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടിരിക്കുകയാണിപ്പോള്‍. വികസനത്തിനു മാനുഷികവും സാമൂഹികവും പാരിസ്ഥിതികവുമായ മാനങ്ങള്‍കൂടി ഉള്‍പ്പെടുത്തുകുയാണ്. വികസനവും കരുതലും പ്രാവര്‍ത്തികമാക്കി മുന്നോട്ടുള്ള പ്രയാണത്തിന് സര്‍ക്കാരിന്റെ പത്തു കാഴ്ചപ്പാടുകള്‍ വ്യക്തമാക്കട്ടെ.

1  സാമൂഹികനീതിയും നിയമവാഴ്ചയും: നിയമവാഴ്ചയിലും നീതിനിര്‍വഹണത്തിലും വിശ്വാസമുള്ള ഒരു സമൂഹം സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ആദിവാസി-ദളിത്-പിന്നാക്കവിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിരക്ഷ നല്കുന്നതാണ്.

2  പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കപ്പെട്ട മാലിന്യമുക്ത കേരളം: പരിസ്ഥിതിയും രാഷ്ട്രീയവും വികസനവും ഇനിമേല്‍ മൂന്നല്ല മറിച്ച്, ഒന്നാണ്. പരിത്ഥിതി സംരക്ഷിക്കുക എന്നതു തന്നെ ഒരു വികസന പ്രവര്‍ത്തനവും രാഷ്ട്രീയപ്രവര്‍ത്തനവുമാണ്. മാലിന്യനിക്ഷേപമെന്ന പ്രശ്‌നത്തെ ശാസ്ത്രീയമായും ജനപങ്കാളിത്വത്തോടെയും പരിഹരിക്കുന്നതാണ്.

3  എല്ലാവര്‍ക്കും ഭൂമിയും പാര്‍പ്പിടവും: ആദിവാസികള്‍, പട്ടികജാതി പട്ടികവിഭാഗങ്ങള്‍, മറ്റു ദുര്‍ബലവിഭാഗങ്ങള്‍ എന്നിവര്‍ക്കിടയിലെ  ഭൂരഹിതരുടെയും  ഭവനരഹിതരുടെയും പ്രശ്‌നങ്ങള്‍ പരിഹരിച്ച് എല്ലാവര്‍ക്കും ഭൂമിയും പാര്‍പ്പിടവുമെന്ന ലക്ഷ്യം കൈവരിക്കണം.

4  എല്ലാവര്‍ക്കും കുടിവെള്ളം: വിപുലമായ ആസൂത്രണം, കാര്യക്ഷമമായ നിര്‍വഹണം, സമൂഹത്തിന്റെ ഉടമസ്ഥാവകാശം എന്നിവയിലൂടെ കുടിവെള്ളം എല്ലാവരിലും എത്തിക്കാമെന്നു പ്രതീക്ഷിക്കുന്നു.

5  എല്ലാവര്‍ക്കും തൊഴില്‍: സാമ്പത്തിക വളര്‍ച്ചയുടെ കേന്ദ്രബിന്ദു തൊഴില്‍സൃഷ്ടിക്കുകയാണെന്നു സര്‍ക്കാര്‍ വിശ്വസിക്കുന്നു.  സ്വയംസംരംഭക മിഷനിലൂടെ ഒരു ലക്ഷം പേര്‍ക്കും അധികനൈപുണ്യപദ്ധതിയിലൂടെ മൂന്നു ലക്ഷം പേര്‍ക്കും തൊഴില്‍ കണ്ടെത്താന്‍ കഴിയും.

6  സമഗ്ര ആരോഗ്യസുരക്ഷ: വര്‍ധിച്ചുവരുന്ന ചികിത്സാച്ചെലവുകള്‍, കാന്‍സര്‍പോലുള്ള മാരകരോഗബാധിതരുടെ എണ്ണത്തിലെ വളര്‍ച്ച എന്നിവയെല്ലാം ആരോഗ്യപരിപാലനരംഗത്ത് ദിശാബോധമുള്ള പരിപാടികള്‍ ആവശ്യമാക്കിയിരിക്കുന്നു. രോഗപ്രതിരോധ, രോഗനിര്‍ണയ ചികിത്സാമേഖലകള്‍  വലിയ മാറ്റങ്ങള്‍ കാത്തിരിക്കുന്നു.

7  കാര്‍ഷിക അഭിവൃദ്ധിയും ജൈവകൃഷിയും: സംസ്ഥാനത്തിന്റെ ഭക്ഷ്യോല്പാദനം വര്‍ധിപ്പിക്കുക, പാല്‍, മുട്ട എന്നിവയുടെ ഉല്പാദനത്തില്‍ സ്വയംപര്യാപ്തത നേടുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്നിവയിലൂടെ ലക്ഷ്ര്യം കൈവരിക്കും. ഭക്ഷ്യസുരക്ഷ സമൂഹത്തിന്റെ അവകാശമാണെന്നു സര്‍ക്കാര്‍ കരുതുന്നു.

8  കാര്യക്ഷമവും സുതാര്യവും അഴിമതിരഹിതവുമായ ഭരണം: ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളോടു യഥോചിതം പ്രതികരിക്കുന്ന ഭരണശൈലി പ്രാവര്‍ത്തികമാക്കിയും  ഔദ്യോഗിക തീരുമാനങ്ങളിലെ കാലതാമസവും നീതിനിഷേധവും ഒഴിവാക്കിയും  സര്‍ക്കാരിനു ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയും. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ഉപയോഗത്തിലൂടെയും സേവനാവകാശ നിയമത്തിലൂടെയും ഇത് സാധ്യമാകുമെന്നു കരുതുന്നു.

9  മനുഷ്യവിഭവശേഷിയുടെ ശാസ്ത്രീയവും കാലോചിതവുമായ വികസനം: ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കുന്ന ആഗോളകേന്ദ്രമാക്കി മാറ്റുകയും അതിന്റെ സദ്ഫലങ്ങള്‍ നമ്മുടെ കുട്ടികള്‍ക്കു ലഭിക്കുകയും വേണം. ആഗോളനിലവാരമുള്ള സ്ഥാപനങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിക്കുക, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുക, സാങ്കേതികപരിശീലനത്തില്‍ അന്തര്‍ദേശീയ നിലവാരമുള്ള സ്ഥാപനങ്ങള്‍ സൃഷ്ടിക്കുക എന്നിവയിലൂടെ അതു സാധ്യമാകുമെന്നു പ്രതീക്ഷിക്കുന്നു.

10  ഊര്‍ജ സുരക്ഷയും മെച്ചപ്പെട്ട അടിസ്ഥാനസൗകര്യവും: കേരളത്തിന്റെ ഊര്‍ജലഭ്യതയും ആവശ്യവും തമ്മിലുള്ള അന്തരം പരിഹരിക്കാന്‍ സൗരോര്‍ജവും കാറ്റില്‍ നിന്നുള്ള വൈദ്യുതിയും ഉള്‍പ്പെടെയുള്ള എല്ലാ സ്രോതസുകളും ഉപയോഗിക്കുന്നതാണ്. അടുത്തമാസം നടക്കുന്ന എമേര്‍ജിംഗ് കേരള നിക്ഷേപസംഗമം അടിസ്ഥാനവികസനരംഗത്തും നിക്ഷേപരംഗത്തും നിര്‍ണായക കാല്‍വയ്പായിരിക്കും. നാം ഏറ്റെടുക്കുന്ന ചെറുതും വലുതുമായ എല്ലാ പദ്ധതികളും പരിപാടികളും ഈ കാഴ്ചപ്പാടോടുകൂടി നടപ്പാക്കുമ്പോള്‍, അതു  കേരളീയ സമൂഹത്തിന്റെ ആത്യന്തികമായ ക്ഷേമത്തിനും സന്തോഷത്തിനും സുസ്ഥിരമായ നിലനില്പിനും വഴിയൊരുക്കുമെന്ന് ഉറപ്പാണ്. ആഹ്ലാദകരമായ ഈ ദിവസത്തില്‍ അഭിമാനകരമായ ചില പരിപാടികള്‍കൂടി പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്നു.

·    സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവരെ ആദരിക്കുന്നതിന്റെ ഭാഗമായി സ്വാതന്ത്യസമര സേനാനി  പെന്‍ഷന്‍ ആയിരം രൂപ കൂടി വര്‍ധിപ്പിക്കുന്നതാണ്.
·    ഏപ്രില്‍ ഒന്നു മുതല്‍ എല്ലാ ക്ഷേമപെന്‍ഷനുകളും ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്നതാണ്.
·    കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് സേവനാവകാശ നിയമം നടപ്പിലാക്കും.  സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമായി മാറുന്ന ഈ സുപ്രധാന നിയമത്തെ  സര്‍ക്കാരും ജീവനക്കാരും ജനങ്ങളും ചേരുന്ന കൂട്ടായ്മ വന്‍വിജയമാക്കുമെന്നു പ്രതീക്ഷിക്കുന്നു.
·    പാവപ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി  മാതൃശിശു സുരക്ഷാ പരിപാടി നാളെ മുതല്‍ സംസ്ഥാനമൊട്ടാകെ നടപ്പാക്കുകയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവിക്കാനെത്തുന്ന സ്ത്രീകള്‍ക്ക് ആശുപത്രിയിലേക്കുള്ള യാത്ര, ആശുപത്രിയിലെ താമസം, ഭക്ഷണം, മരുന്നുകള്‍, ഓപ്പറേഷന്‍, ലാബറട്ടറി ചെലവുകള്‍, രക്തം എന്നിവയെല്ലാം സൗജന്യമായിരിക്കും. ഗര്‍ഭകാലത്തും പ്രസവശേഷവുമുള്ള പരിശോധനകളും ചികിത്സകളും സൗജന്യമായി നല്കും. കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെയുള്ള ഈ പദ്ധതിക്ക് പ്രതിവര്‍ഷം 23.42 കോടി രൂപ ചെലവഴിക്കുന്നതാണ്.
·    വികലാംഗ നിയമനത്തില്‍ കുടിശികയായ 2004 മുതല്‍ 2007 വരെയുള്ള 1188 ഒഴിവുകള്‍ നികത്താന്‍ പിഎസ്‌സി നടപടി ആരംഭിച്ചു.   ആറുമാസത്തിനകം നിയമനനടപടികള്‍ പൂര്‍ത്തിയാക്കും.
·    ഡിസംബര്‍ 31നകം 2008 വരെയുള്ള കുടിശികയുള്ള പട്ടികജാതി പട്ടികവര്‍ഗ നിയമനത്തിലെ ഒഴിവുകളും  നികത്തുന്നതാണ്.

രാഷ്ട്രീയസ്വാതന്ത്ര്യത്തോടൊപ്പം സാമൂഹിക, സാമ്പത്തിക  സ്വാതന്ത്യം കൂടി കൈവരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. എല്ലാതരം സ്വാതന്ത്ര്യങ്ങളും പുലരണമെങ്കില്‍ സമൂഹത്തില്‍ നിയമവാഴ്ചയുണ്ടാകണം. നിയമവാഴ്ചയിലും നീതിനിര്‍വഹണത്തിലും വിശ്വാസമുള്ള ഒരു സമൂഹം സാമ്പത്തികവും സാമൂഹികവുമായ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്.   അതുകൊണ്ടു തന്നെ നിയമവാഴ്ചയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. അക്രമവും വെല്ലുവിളിയും നശീകരണവുമല്ല മറിച്ച് സമാധാനവും സഹിഷ്ണുതയും അനുരഞ്‌നവുമാണ് നമുക്കു വേണ്ടത്.

കേരളത്തിന് ഇത് ആഘോഷങ്ങളുടെയും വിശുദ്ധിയുടെയും മാസമാണ്. സ്വാതന്ത്ര്യദിനവും റാംസാനും ഓണവും ഒന്നിച്ചുവരുന്നു. ഇവ ആഘോഷിക്കുവാന്‍ സര്‍ക്കാര്‍ ഒരുക്കിയ വിപുലമായ സന്നാഹങ്ങള്‍ പര്യാപ്തമാണെന്നു കരുതുന്നു. മൂന്ന് ആഘോഷങ്ങളും മഹാത്യാഗത്തിന്റെ സന്ദേശമാണു നല്കുന്നത്. മറ്റുള്ളവരുടെ ആത്മസമര്‍പ്പണവും ത്യാഗവുമാണ് നമ്മുടെ ജീവിതത്തെ സുരഭിലമാക്കിയത്. ഈ നാടിനും സമൂഹത്തിനുംവേണ്ടി നാം എന്തുചെയ്തുവെന്ന് തിരിഞ്ഞുനോക്കാനും നമ്മുടെ കടമകള്‍ നിറവേറ്റുമെന്നു പ്രതിജ്ഞയെടുക്കാനുമുള്ള  സന്ദര്‍ഭം കൂടിയാണിത്. എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു.