എഡിറ്റര്‍
എഡിറ്റര്‍
വി.എസ്സിന്റെ കത്ത് പിണറായിക്കുള്ള മറുപടി: ഉമ്മന്‍ചാണ്ടി
എഡിറ്റര്‍
Sunday 20th May 2012 2:49pm

വി.എസ്. അച്യുതാനന്ദന്‍ സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിനയച്ച കത്ത് ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ പിണറായി വിജയന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതികളെ സംരക്ഷിക്കാനുള്ള പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണിത്. അതുകൊണ്ട് തന്നെ കേരളത്തിന്റെ പ്രതിപക്ഷ നേതാവുകൂടിയായ അച്യുതാനന്ദന്‍ അയച്ച കത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

അച്യുതാനന്ദന്റെ കത്തുമായി ബന്ധപ്പെട്ട് മറ്റ് കോണ്‍ഗ്രസ്സ് നേതാക്കന്‍മാരും പ്രതികരിച്ചു തുടങ്ങി. അച്യുതാനന്ദന്റേത് ധീരമായ നിലപാടാണെന്നും അത് അക്രമരാഷ്ട്രീയത്തിന് അന്ത്യം കുറിക്കുമെന്നും ആര്യാടന്‍ മുഹമ്മത് പത്രക്കാരോട് പറഞ്ഞു. എന്നാല്‍ വി.എസ്. തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുമോ എന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.പി.ഐ.എമ്മിനുള്ളിലെ വിഭാഗീയതയും വി.എസ്സിന്റെ നിസ്സഹായാവസ്ഥയുമാണ് ഈ കത്തിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് മന്ത്രി കെ.എം മാണി അഭിപ്രായപ്പെട്ടു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ചട്ടക്കൂടില്‍ നിന്നും പ്രവര്‍ത്തിക്കാന്‍ വി.എസ്സിന് കഴിയില്ല. അതുകൊണ്ട് വി.എസ് പാര്‍ട്ടി വിട്ട് പുറത്തു വരണമെന്നും മാണി ആവശ്യപ്പെട്ടു. കോട്ടയം പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചന്ദ്രശേഖരന്‍ വധത്തിന് പിന്നില്‍ സി.പി.ഐ.എം ഉന്നത കേന്ദ്രങ്ങളിലെ ഗൂഢാലോചനയുണ്ടെന്നും കേസില്‍ പ്രതികളായ ഏരിയാ കമ്മറ്റി നേതാക്കള്‍ക്കെതിരേ നടപടിയെടുക്കുവാന്‍ സി.പി.ഐ.എം ഇതുവരെയും തയാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടിയെ നയിക്കാന്‍ പിണറായി വിജയന് കഴിയില്ലെന്ന് ബോധ്യമായതോടെ വി.എസ്സിനെ പോലെയുള്ള ആയിരക്കണക്കിന് ആള്‍ക്കാര്‍ പുറത്തേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.

Advertisement