പാലക്കാട്: സുസ്‌ലോണ്‍ കമ്പനിക്ക് ഭൂമി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ പാക്കേജ് അംഗീകരിക്കാനാവില്ലെന്ന് അട്ടപ്പാടിയിലെ കാറ്റാടി ഭൂമിയുടെ ഉടമകളായ ആദിവാസികള്‍. കമ്പനിക്ക് ലഭിക്കുന്ന ലാഭവിഹിതം മതിയെന്ന നിര്‍ദേശം തങ്ങള്‍ മുന്നോട്ട് വെച്ചിട്ടില്ലെന്ന് ആദിവാസികള്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പരാമര്‍ശം വസ്തുതാ വിരുദ്ധവും വഞ്ചനാപരവുമാണ്. കാറ്റാടി ഭൂമിയുടെ ഉടമസ്ഥത വ്യക്തമാക്കിയ ശേഷം മാത്രമേ ഇനി ചര്‍ച്ചയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ ഇതുസംബന്ധിച്ച് അഭിപ്രായമുയര്‍ന്നപ്പോള്‍ ഭൂമിയുടെ ഉടമസ്ഥാവകാശം ആര്‍ക്കാണെന്ന് വ്യക്തമാക്കണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് മൂന്ന് മാസം കഴിഞ്ഞാല്‍ മാത്രമേ വ്യക്തമായ മറുപടി നല്‍കാനാവൂവെന്ന് പാലക്കാട് ജില്ലാകലക്ടറുടെ അഭിപ്രായം തേടിയ ശേഷം മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ മൂന്ന് മാസത്തിന് ശേഷം മതി ഇനി ചര്‍ച്ചയെന്നാണ് തങ്ങള്‍ യോഗത്തെ അറിയിച്ചത്. എന്നാല്‍ യോഗം പിരിഞ്ഞ ശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി ചര്‍ച്ചയില്‍ തീരുമാനമാകാത്ത കാര്യമാണ് പറഞ്ഞത്. ഇത് വഞ്ചനാപരമാണ്- ആദിവാസി നേതാക്കള്‍ വ്യക്തമാക്കി.

അട്ടപ്പാടിയില്‍ സുസ്‌ലോണ്‍ കമ്പനി കൈവശപ്പെടുത്തിയ ഭൂമിയിലെ കാറ്റാടിയന്ത്രങ്ങളില്‍നിന്നുള്ള വരുമാനം ആദിവാസികള്‍ക്കു കൂടി വീതിച്ചു നല്‍കാന്‍ ധാരണയായെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ആദിവാസി നേതാക്കളുടെ തന്നെ ആവശ്യപ്രകാരമാണിതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

അതേസമയം അട്ടപ്പാടിയിലെ കാറ്റാടിക്കമ്പനിയെ ഒഴിപ്പിക്കില്ലെന്ന ഉന്നതതലയോഗ തീരുമാനം കാറ്റാടിക്കമ്പനിയെ സഹായിക്കുന്നതാണെന്ന് സ്ഥലം എം.എല്‍.എ എന്‍.ഷംസുദ്ദീന്‍. ഭൂമി അന്യാധീനപ്പെട്ടവര്‍ക്ക് ഇത് പരിഹാരമാകില്ലെന്നും ഷംസുദ്ദീന്‍ പറഞ്ഞു.