മുസഫറാബാദ്: പാക്ക് അധിനിവേശ കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗുലാം മുസ്തഫാ മുഗളിനു നേരെ വധശ്രമം. വയറിന് വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റ അദേഹത്തെ മുസഫറാബാദിലുള്ള സൈനീക ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയ്ക്ക് വിധേയനാക്കി. സുരക്ഷാ ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെയായിരുന്നു ആക്രമണം. ചീഫ് ജസ്റ്റിസ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അക്രമിയെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

അംഗരക്ഷകര്‍ക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു മുഗള്‍. പാക്ക് അധീനാ കശ്മീര്‍ തലസ്ഥാനമായ മുസാഫറാബാദില്‍ വച്ചായിരുന്നു ആക്രമണം നടന്നത്. അക്രമി രക്ഷപ്പെട്ടു.

ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. അതേസമയം ചീഫ് ജസ്റ്റിസിനോ കുടുംബത്തിനോ ഏതെങ്കിലും വധഭീക്ഷണി ഉണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ അക്രമിയെ പിടികൂടണമെന്ന് പാക്ക് അധിനിവേശ കശ്മീര്‍ സുപ്രീം കോടതി ഉത്തരവിട്ടു. പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ആക്രമണത്തെ അപലപിച്ചു.