കൊല്‍ക്കത്ത: ഗോവന്‍ ക്ലബ്ബ് സാല്‍ഗോക്കര്‍ ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ മേഘാലയന്‍ ടീമായ ഷില്ലോങ് ലജോങ് എഫ് സിയെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഐ ലീഗ് ചാംപ്യന്മാരായ സാല്‍ഗോക്കര്‍ ഫൈനലിലെത്തിയത്.

നിശ്ചിത സമയം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ നൈജീരിയന്‍ സ്‌ട്രൈക്കര്‍ എഡെചിഡിയാണ് സാല്‍ഗോക്കറിനായി ഗോള്‍ സ്‌കോര്‍ ചെയ്തത്. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ സാല്‍ഗോക്കറിന്റെ ജൂനിയര്‍ എലിയ നല്കിയ പാസ് കൈയിലെടുക്കാനുള്ള ലജോങ് ഗോളി ലാല്‍ത്തുംമാവിയ റാള്‍ട്ടെയുടെ  നീക്കം പരാജയപ്പെട്ടതാണ് ഗോളില്‍ കലാശിച്ചത്.

ബോള്‍ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമത്തിനിടെ റാള്‍ട്ടെ നിലതെറ്റി വീണപ്പോള്‍ ഓടിയെത്തിയ എഡെചിഡി പന്ത് കാലില്‍ കുരുക്കി ലക്ഷ്യം കാണുകയായിരുന്നു. ഫൗളിനായി ലജോങ് താരങ്ങള്‍ ഏറെ കേണെങ്കിലും റഫറി ഗോള്‍ അനുവദിച്ചു. പിന്നീട് ഗോള്‍ മടക്കാന്‍ ലജോങ്ങിന് അധികം സമയം അവശേഷിച്ചിരുന്നില്ല.

തിങ്കളാഴ്ച കൊല്‍ക്കത്ത ടീമുകളായ ഈസ്റ്റ്ബംഗാളും പ്രയാഗ യുണൈറ്റഡും തമ്മില്‍ നടക്കുന്ന രണ്ടാം സെമിയിലെ വിജയിയെയാണ് സാല്‍ഗോക്കര്‍ ഫൈനലില്‍ നേരിടുക.