എഡിറ്റര്‍
എഡിറ്റര്‍
സി.ബി.ഐയും സി.എ.ജിയും പരിധി വിടരുത്: ചിദംബരം
എഡിറ്റര്‍
Tuesday 12th November 2013 2:56pm

chidambaram

ന്യൂദല്‍ഹി: സി.ബി.ഐയ്ക്കും സി.എ.ജിയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി പി. ചിദംബരം രംഗത്ത്.

നയതന്ത്രത്തെയും അന്വേഷണത്തെയും സി.ബി.ഐ വ്യക്തമായി വേര്‍തിരിച്ച് കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണ ഏജന്‍സികളും സി.എ.ജിയും അധികാരപരിധി വിട്ട് പെരുമാറരുത്. നിയമനിര്‍മ്മാതാക്കള്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളെ അധികാരദുര്‍വിനിയോഗമായും കുറ്റകൃത്യങ്ങളായും കണക്കാക്കരുത്. ചിദംബരം ആവശ്യപ്പെട്ടു.

നയരൂപീകരണ കാര്യങ്ങളില്‍ സി.ബി.ഐ കരുതലോടെ ഇടപെടണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ധനമന്ത്രിയുടെ വിമര്‍ശനങ്ങള്‍ എന്നത് ശ്രദ്ധേയമാണ്.

‘സി.എ.ജി പോലെയുള്ള അധികാരകേന്ദ്രങ്ങളും പല അന്വേഷണഏജന്‍സികളും മിക്കപ്പോഴും അധികാരപരിധിയ്ക്ക് പുറത്തുകടക്കുന്നു. ഇത് നിര്‍ഭാഗ്യകരമാണ്. നയരൂപീകരണങ്ങള്‍ പലപ്പോഴും അധികാരദുര്‍വിനിയോഗമായും കുറ്റകൃത്യങ്ങളായും വ്യാഖ്യാനിക്കപ്പെടുന്നു.’ അദ്ദേഹം പറഞ്ഞു.

സി.ബി.ഐയുടെ സുവര്‍ണജൂബിലിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സാമ്പത്തികകുറ്റകൃത്യങ്ങള്‍ തടയാനായുള്ള ക്രിമിനല്‍ നിയമവ്യവസ്ഥയുടെ രൂപീകരണം എന്ന വിഷയത്തിലുള്ള സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പോളിസി മെയ്ക്കിങ്ങിനെയും പൊലീസിങ്ങിനെയും വേര്‍തിരിക്കുന്ന രേഖയെ ഏജന്‍സികള്‍ ബഹുമാനിക്കണമെന്നും ചിദംബരം താക്കീത് നല്‍കി.

സാമ്പത്തികകുറ്റകൃത്യങ്ങളിലെ പൊതുപ്രവര്‍ത്തകരുടെ പങ്കിനെക്കുറിച്ച് സംസാരിക്കവേ അവര്‍ അച്ചടക്കലംഘനം നടത്തിയിട്ടുണ്ടോ എന്ന് അന്വേഷണ ഏജന്‍സികള്‍ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘അച്ചടക്കനിയമങ്ങള്‍ രൂപീകരിക്കുന്നതും അവ നടപ്പിലാക്കുന്നതും അന്വേഷണ ഏജന്‍സികളുടെ ചുമതലയല്ല. വ്യക്തമായൊരു നിയമമുണ്ടെങ്കിലും അതിന്റെ പിന്നിലൊരു നയമുണ്ടെങ്കിലും, ആ നയത്തിന്റെ ഔചിത്യത്തെക്കുറിച്ച് ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അവകാശമില്ല. അവരുടെ കാഴ്ചപ്പാടില്‍ നല്ലതെന്ന് തോന്നുന്ന നയങ്ങളെക്കുറിച്ച് ഉപദേശിക്കേണ്ട ആവശ്യവുമില്ല.’ ചിദംബരം പറഞ്ഞു.

Advertisement