ന്യൂദല്‍ഹി: പാകിസ്ഥാനിലെ എല്ലാ തീവ്രവാദ സംഘടനകള്‍ക്കും ഐ എസ് ഐ പിന്തുണ നല്‍കുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ പ്രസ്താവന, ഇന്ത്യയിലെ പാകിസ്ഥാന്‍ ഹൈകമ്മീഷണര്‍ ഷാഹിദ് മാലികുമായുള്ള രൂക്ഷമായ വാക്കുതര്‍ക്കത്തിന് വഴിവച്ചു. ഭീകരതയെ കുറിച്ച് ഇന്ത്യാടുഡേ കോണ്‍ക്ലേവ് നടത്തിയ സംവാദത്തിലാണ് ചിദംബരവും, മാലികും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്.

ചിദംബരം ആദ്യം തന്റെ പ്രസംഗം ആരംഭിച്ചപ്പോള്‍ തന്നെ പാകിസ്ഥാനെ വിമര്‍ശിച്ചിരുന്നു.

Subscribe Us:

അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തിന് പാക് തീവ്രവാദികള്‍ക്ക് ഐ എസ് ഐ പിന്തുണ നല്‍കുന്നുവെന്നത് പരസ്യമായ രഹസ്യമാണെന്നാണ് ചിദംബരം പറഞ്ഞത്. ലഷ്‌കറെ തയ്ബ, ജെയ്‌ഷെ ഇ-മുഹമ്മദ് തുടങ്ങിയവ ഐ എസ് ഐ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ ബലൂചിസ്ഥാനിലെ ഇന്ത്യന്‍ ഇടപെടലിന് തെളിവുണ്ടെന്നായിരുന്നുവെന്നും അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പാകിസ്ഥാനില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുവാനാണ് ശ്രമിക്കുന്നതെന്നും മാലിക് ഉന്നയിച്ചു. ഇന്ത്യയ്‌ക്കെതിരെ യാതൊരു വിധ ശക്തികളും പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ചിദംബരം മുംബയ് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരുടെ ശബ്ദമടങ്ങിയ ടേപ്പ് ഏതെങ്കിലും നിഷ്പക്ഷ രാജ്യത്തിന് കൈമാറാന്‍ ആവശ്യപ്പെട്ടു. അത് കേട്ട ശേഷം മാത്രം മതി ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാനില്‍ നിന്ന് ഭീകര പ്രവര്‍ത്തനം ഉയരുന്നില്ലെന്ന് അവകാശപ്പെടാനെന്ന് വ്യക്തമാക്കി. മുംബയ് മാതൃകയിലുള്ള ഒരാക്രമണം ഇനി ഉണ്ടായാല്‍ ഇന്ത്യ അതിനോട് എങ്ങനെയാണ് പ്രതികരിക്കുകയെന്ന് പറയാനാവില്ലെന്നും ചിദംബരം മുന്നറിയിപ്പ് നല്‍കി.