എഡിറ്റര്‍
എഡിറ്റര്‍
രാജ്യത്തെ സാമ്പത്തിക നയങ്ങള്‍ പരിഷ്‌കരിക്കുമെന്ന് ചിദംബരം
എഡിറ്റര്‍
Tuesday 7th August 2012 12:02pm

ന്യൂദല്‍ഹി: രാജ്യത്ത് നിക്ഷേപാനുകൂല അന്തരീക്ഷമുണ്ടാക്കാന്‍ സാമ്പത്തിക നയങ്ങള്‍ പരിഷ്‌കരിക്കുമെന്ന് ധനമന്ത്രി പി. ചിദംബരം. നിക്ഷേപകരുടെ ആശങ്കകള്‍ ഒഴിവാക്കി സുസ്ഥിരവും ക്രിയാത്മകവുമായ നികുതി സംവിധാനം നടപ്പിലാക്കാനും പലിശ നിരക്കുകളില്‍ കുറവ് വരുത്താനും മുന്‍കൈയെടുക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

Ads By Google

നിക്ഷേപകരില്‍ വിശ്വാസം മടക്കികൊണ്ടുവരാനായി വിപുലമായ കര്‍മ്മ പദ്ധതി ധനമന്ത്രാലയം തയ്യാറാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടുള്ള സമീപനം വ്യക്തമാക്കുകയായിരുന്നു മന്ത്രി.

മുന്‍കാല പ്രാബല്യത്തോടെയുള്ള നികുതി ചുമത്തല്‍ രീതികള്‍ പുനരവലോകനം ചെയ്യും. നികുതി വകുപ്പും നികുതിദായകരും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാനും ഭാവിയില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാനും ഇത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

നാണ്യപ്പെരുപ്പം കുറയ്ക്കാന്‍ റിസര്‍വ് ബാങ്കുമായി ചേര്‍ന്നു നടപടികള്‍ സ്വീകരിക്കും. ഇത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി. സുബ്ബറാവു മന്ത്രിയെ സന്ദര്‍ശിച്ച് വിശദമായ ചര്‍ച്ച നടത്തി. നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ഉപഭോക്താക്കളുടെ മേലുള്ള ഭാരം കുറയ്ക്കാനും സൂക്ഷ്മതയോടെ നടപടികള്‍ സ്വീകരിക്കുമെന്നും ചിദംബരം ഉറപ്പ് നല്‍കി.

ഇന്ത്യന്‍ കമ്പനികളുടെ കാര്യത്തില്‍ ഇവിടെയും വിദേശത്തുമായി നടക്കുന്ന ഇടപാടുകളുടെ നികുതി ബാധ്യത സംബന്ധിച്ച് പ്രണബ് മുഖര്‍ജി മുന്നോട്ടുവച്ച ജനറല്‍ ആന്റി അവോയിലെന്‍സ് റൂള്‍ (ജി.എ.എ.ആര്‍) പുനരവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി സമിതിയെ നിയോഗിച്ചിട്ടുണ്ട്. മുന്‍കാല പ്രാബല്യമുള്ള നികുതികള്‍ സംബന്ധിച്ചും ഇത്തരം അവലോകനം നടത്തും. ഇന്ത്യയില്‍ ബിസിനസ് നടത്തുന്നതിന്റെ ബുദ്ധിമുട്ട് എന്ന ചിന്ത നിക്ഷേപകരുടെ മനസിലുണ്ടാകരുത് – ചിദംബരം പറഞ്ഞു.

മുന്‍കാല പ്രാബല്യത്തോടെ നികുതി ഈടാക്കുന്നതിനുള്ള വ്യവസ്ഥകളോടെ ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി കഴിഞ്ഞ ബഡ്ജറ്റില്‍ നിര്‍ദേശിച്ച പുതിയ ആദായ നികുതി ആക്ടിനെയും ജി.എ.എ.ആറിനെയും  കുറിച്ച് വിദേശ നിക്ഷേപകര്‍ ഏറെ ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്കിനെ ഈ നികുതി നിര്‍ദേശങ്ങള്‍ പ്രതികൂലമായി ബാധിക്കുകയാണെന്നും ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജി.എ.എ.ആര്‍ നിര്‍ദേശങ്ങളില്‍ വ്യക്തത കൊണ്ടുവരുന്നത്.

വ്യവസായ നിക്ഷേപം മൊത്തം ആഭ്യന്തര ഉല്‍പാദന (ജി.ഡി.പി) ത്തിന്റെ 38% ആയി ഉയര്‍ത്താന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 2007 – 2008 ല്‍ ഇതായിരുന്നു  നിരക്ക്.

Advertisement