ന്യൂദല്‍ഹി: ചെന്നൈ എയര്‍പോര്‍ട്ടില്‍ ധനംമന്ത്രി പി.ചിദംബരത്തിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മലയാളിയായ അമീര്‍ താഹയെ അറസ്റ്റ് ചെയ്തതിനെതിരെ ചിദംബരം നേരിട്ട് രംഗത്ത്.

Ads By Google

ഫോട്ടോ എടുക്കാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്ത നടപടി ഏറെ അത്ഭുതമുളവാക്കുന്നതാണെന്നാണ് ചിദംബരം പ്രതികരിച്ചത്. സംഭവത്തില്‍ താന്‍ ഏറെ ദു:ഖിതനാണെന്നും. മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത് വരെ താന്‍ ഇങ്ങനെയൊരു കാര്യം അറിഞ്ഞിരുന്നില്ലെന്നും ചിദംബരം അറിയിച്ചു. ആരും തന്നോട് ഇക്കാര്യം പറഞ്ഞില്ലെന്നും ചിദംബരം പറഞ്ഞു.

‘ അയാളെ പോലീസ് അറസ്റ്റ് ചെയ്തതെന്തിനാണെന്ന് അറിയില്ല. തമിഴ്‌നാട് പോലീസുമായി ബന്ധപ്പെട്ട് യുവാവിനെ എത്രയും പെട്ടന്ന് മോചിപ്പിക്കാന്‍ ഞാന്‍ ഓഫീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.’ചിദംബരം പറയുന്നു.

കഴിഞ്ഞ ദിവസമാണ് ചെന്നൈ വിമാനത്താവളത്തില്‍ ചിദംബരത്തിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച പെരുമ്പാവൂര്‍ സ്വദേശി അമീര്‍ താഹ എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ദുബായിലേക്കുള്ള യാത്രായ്ക്കായി ചെന്നൈ വിമാനത്താവളത്തിലെത്തിയതായിരുന്നു ഇയാള്‍.

കഴിഞ്ഞ മാസം ചെന്നൈ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ ഡ്രീം ലൈനര്‍ വിമാനത്തിന്റെ അകത്തുകയറി ഫോട്ടോ എടുത്തതിനും അമീര്‍ താഹയെയും കൂട്ടുകാരനേയും പോലീസ് പിടികൂടിയിരുന്നു.

മൂന്ന് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അന്ന് ഇയാളെ വിട്ടയച്ചത്.