Administrator
Administrator
വിവാദ പ്രസ്താവന ചിദംബരം തിരുത്തി
Administrator
Sunday 18th December 2011 11:39am

chidambaramന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം കേരളത്തിനെതിരെ നടത്തിയ വിവാദ പ്രസ്താവന പിന്‍വലിച്ചു. കേരളത്തില്‍ പ്രതിഷേധം ഉയരുന്നത് ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന പ്രസ്താവനയാണ് പിന്‍വലിച്ചത്. സുപ്രീം കോടതി വിധി തമിഴ്‌നാടിന് അനുകൂലമാകുമെന്ന പ്രസ്താവനയും തിരുത്തിയിട്ടുണ്ട്.

സുപ്രീം കോടതി വിധി തമിഴ്‌നാടിന് അനുകൂലമാകുമെന്നല്ല, വിധി കാത്തിരിക്കുകയാണെന്നാണ് താന്‍ പറഞ്ഞതെന്നും ചിദംബരം വ്യക്തമാക്കി. പരാമര്‍ശം അനാവശ്യമായിരുന്നുവെന്ന് തിരിച്ചറിയുന്നു. ആരെയും വേദനിപ്പിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ല. രണ്ട് സംസ്ഥാനങ്ങളും പരസ്പര സഹകരണത്തോടെ പ്രശ്‌നം പരിഹരിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ചിദംബരം വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക പിറവം ഉപതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്നും വിഷയത്തില്‍ സുപ്രീം കോടതി വിധി തമിഴ്‌നാടിന് അനുകൂലമായിരിക്കുമെന്നുമാണ് ചിദംബരം ഇന്നലെ പറഞ്ഞത്. മുല്ലപ്പെരിയാര്‍, കൂടങ്കുളം വിഷയങ്ങളില്‍ തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നത്. ഉപതിരഞ്ഞെടുപ്പ് കഴിയുന്നതോടെ അണക്കെട്ട് വിഷയത്തില്‍ കേരളത്തിലെ പാര്‍ട്ടികളുടെ ആശങ്ക അവസാനിക്കുമെന്നും ചിദംബരം പറഞ്ഞു.

‘ഫെബ്രുവരി ആദ്യ ആഴ്ചയോ രണ്ടാമത്തെ ആഴ്ചയോ ഉന്നതാധികാര സമിതി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തനിക്ക് ലഭിച്ച നിയമോപദേശമനുസരിച്ച് സുപ്രീം കോടതി വിധി തമിഴ്‌നാടിന് അനുകൂലമായിരിക്കുമെന്ന് ഉറപ്പിക്കാം. പിറവം ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേരളത്തില്‍ ഇപ്പോള്‍ മുല്ലപ്പെരിയാര്‍ വലിയ വിഷയമായിരിക്കുന്നത്. പിറവം തിരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടന്നാല്‍ ഈ ബഹളം അവസാനിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ട് തമിഴ്‌നാടിന്റെതാണ്. അതിനാല്‍ നമുക്ക് കുറച്ചുകൂടി കാത്തിരിക്കാം. അതുവരെ എല്ലാവരും സംയമനം പാലിക്കണം’ ഇതായിരുന്നു ചിദംബരത്തിന്റെ പ്രസ്താവന.

പ്രസ്താവന പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ചിദംബരം കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലക്ക് കത്ത് നല്‍കി. ബാംഗ്ലൂരില്‍ ചികിത്സയിലുള്ള ചെന്നിത്തലക്ക് ഇന്ന് രാവിലെയാണ് കത്ത് കൈമാറിയത്. തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ ഭംഗ്യന്തരേണ കാര്യം സൂചിപ്പിക്കുകയാണ് ചെയ്തതെന്നും കേരളത്തിലെ ജനങ്ങളെ ഇത് ബുദ്ധിമുട്ടിച്ചതില്‍ വിഷമമുണ്ടെന്നും കത്തില്‍ പറയുന്നുണ്ടെന്ന് ചെന്നിത്തല വ്യക്തമാക്കി.

Malayalam news

Advertisement