ന്യൂദല്‍ഹി: ഐ പി എല്‍ ക്രിക്കറ്റ് ലേലത്തില്‍ പാക്കിസ്ഥാന്‍ താരങ്ങളെ അവഗണിച്ചതിനെതിരെ ആഭ്യന്ത്രനമന്ത്രി പി ചിദംബരം രംഗത്ത്. പാക് താരങ്ങളോട് ചെയ്തത് മര്യാദകേടായിപ്പോയെന്ന് അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ സര്‍ക്കാര്‍ തലത്തില്‍ വരുന്ന ആദ്യപ്രതികരണമാണ് ചിദംബരത്തിന്റെത്.

ലേലത്തില്‍ പങ്കെടുക്കാനെത്തിയ പാക് താരങ്ങള്‍ മികച്ച ട്വന്റി-20 കളിക്കാരാണെന്ന് ചിദംബരം പറഞ്ഞു. ഇവര്‍ പാക്കിസ്ഥാന്‍ ടീമെന്ന നിലയിലല്ല, വ്യക്തികളായാണ് ഐ പി എല്‍ കളിക്കാനെത്തുന്നത്. ഐ പി എല്‍ ലേലത്തിലുണ്ടായ സംഭവം ക്രിക്കറ്റിന് ദോഷകരമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാറിന് യാതൊരു പങ്കുമില്ല. എന്തുകൊണ്ടാണ് ഐ പി എല്‍ ടീമുകള്‍ ഇത്തരത്തില്‍ പെരുമാറിയതെന്ന് മനസ്സിലാവുന്നില്ല.

സംഭവത്തെക്കുറിച്ചുള്ള പാക് പ്രതികണം സ്വാഭാവികമാണെന്ന് ചിദംബരം പറഞ്ഞു. തങ്ങളുടെ കളിക്കാര്‍ മുഴുവന്‍ തഴയപ്പെട്ടാല്‍ ആ രാജ്യത്തിന് അപമനാക്കപ്പെട്ടതായി തോന്നും. എന്നാല്‍ പാകിസ്ഥാന്റെ പ്രതികരണം ആനുപാതികമാണോയെന്നത് പരിശോധിക്കേണ്ടതാണ്. പാക് കളിക്കാരെ ഒഴിവാക്കിയതില്‍ ക്രിക്കറ്റ് പ്രേമികളെല്ലാം നിരാശയിലാണ്. ക്രിക്കറ്റ് ആരാധകന്‍ എന്ന നിലയില്‍ വ്യക്തിപരമായി എനിക്കും വിഷമമുണ്ട്. 17 പാക് കളിക്കാര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യ വിസ നല്‍കിയിരുന്നെന്നും ചിദംബരം പറഞ്ഞു. ഒരു ദേശീയ ടെലിവിഷന്‍ ചാനലിനനുവദിച്ച അഭിമുഖത്തിലാണ് ചിദംബരം ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയത്.