ഫ്രാങ്ക്ഫുര്‍ട്ട്: 2 ജി സ്‌പെക്ട്രം ഇടപാടില്‍ ആഭ്യന്തരമന്ത്രി പി. ചിദംബരത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും അദ്ദേഹം രാജിവെക്കേണ്ട ആവശ്യമില്ലെന്നും പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്.

മന്ത്രിസഭാംഗങ്ങള്‍ തമ്മില്‍ ഭിന്നതയില്ലെന്നും, പ്രണാബ് മുഖര്‍ജിയുടെ കത്ത് താന്‍ കണ്ടിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കോടതിയുടെ പരിഗണനയിലുളള വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായ പ്രകടനത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂയോര്‍ക്കിലേക്കുള്ള യാത്രാമദ്ധ്യേ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2 ജി സ്‌പെക്ട്രം ഇടപാടില്‍ ചിദംബരത്തിനെതിരെ അന്വേഷണം വേണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സി.ബി.ഐയും കേന്ദ്രസര്‍ക്കാരും. 2 ജി സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട് പി. ചിദംബരത്തിനെതിരെ അന്വേഷണം വേണ്ടെന്ന് സി ബി ഐ ഇന്നു സുപ്രിം കോടതിയെ അറിയിച്ചിരുന്നു.

2 ജി ലൈസന്‍സ് വിതരണത്തില്‍ ചിദംബരത്തിന് പങ്കില്ലെന്നും ടെലികോം മന്ത്രിയായിരുന്ന എ രാജയാണ് ലൈസന്‍സ് വിതരണത്തിന് അന്തിമതീരുമാനം എടുത്തതെന്നും സി ബി ഐ കോടതിയെ അറിയിച്ചു. ചിദംബരത്തിന് അനുകൂലമായാണ് കോണ്‍ഗ്രസിന്റെ നിലപാടും. ചിദംബരത്തിനെതിരെ സുബ്രഹ്മണ്യം സ്വാമി കൊണ്ടുവന്ന തെളിവുകള്‍ക്ക് യാതൊരു അടിസ്ഥാനമില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.

അതേസമയം, ടുജി ഇടപാടില്‍ ചിദംബരത്തിനെതിരേ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആവശ്യം. ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിയും സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടും ഇന്ന് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.