ന്യൂദല്‍ഹി: 2 ജി സ്‌പെക്ട്രം കേസില്‍ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ കനിമൊഴിയുടെ മൊഴി. സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച് പ്രധാനമന്ത്രിക്കും ചിദംബരത്തിനും അറിയാമായിരുന്നെന്ന് കനിമൊഴി കോടതിയില്‍ വെളിപ്പെടുത്തി.

2008ല്‍ ടെലികോം മന്ത്രിയായിരുന്ന രാജ സ്‌പെക്ട്രം ലേലം ചെയ്യേണ്ടെന്ന തീരുമാനമെടുത്തത് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെയും അന്നത്തെ ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെയും അറിവോടുകൂടിയായിരുന്നു. സ്‌പെക്ട്രം ലൈസന്‍സുകള്‍ ലേലം ചെയ്ത് വില്‍ക്കേണ്ടെന്ന തീരുമാനമെടുത്തത് പ്രധാനമന്ത്രിയും രാജയും ചിദംബരവും പങ്കെടുത്ത യോഗത്തിലാണ്. ഈ യോഗത്തിന്റെ മിനുട്‌സ് ഹാജരാക്കാമെന്നും കനിമൊഴിക്കുവേണ്ടി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

മുതിര്‍ന്ന അഭിഭാഷകനായ സുശീല്‍ കുമാറാണ് കനിമൊഴിക്കുവേണ്ടി ഹാജരായത്. കനിമൊഴിയുടെ വിചാരണ നീളുകയാണെങ്കില്‍ ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെ സാക്ഷിയായി ഹാജരാക്കാമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

സ്‌പെക്ട്രം ലേലം ചെയ്യാതെ ഇടപാടു നടത്തിയതുവഴി ട്രഷറിക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണമാണ് കനിമൊഴിക്കെതിരെ ഉള്ളത്. ഖജനാവിന് യാതൊരു നഷ്ടമുണ്ടായിട്ടില്ല എന്നതിന് പ്രധാനമന്ത്രിയും, ധനമന്ത്രിയും സാക്ഷികളാണെന്നാണെന്നും ഈ സാഹചര്യത്തില്‍ കനിമൊഴിയെ കുറ്റവിമുക്തയാക്കണമെന്നും സുശീല്‍കുമാര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ യാതൊരു നഷ്ടവും രേഖപ്പെടുത്തിയിട്ടില്ലെന്നത് പാര്‍ലമന്റ് രേഖകളില്‍ നിന്നും മനസിലാക്കാമെന്നും അദ്ദേഹം പറഞ്ഞു.