ന്യൂ ദല്‍ഹി: ആഭ്യന്തര വകുപ്പിന്റെ ചുമതല ഏറ്റെടുത്ത ശേഷം മൂന്ന് ഭീകരാക്രമണങ്ങള്‍ ഉണ്ടായി എന്നത് കളങ്കമാണെന്ന് ചിദംബരത്തിന്റെ കുറ്റസമ്മതം. തുടര്‍ച്ചയായുണ്ടാകുന്ന ഭീകരവാദ ആക്രമണങ്ങളുടെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്ഥാനാണ് ഭീകരതയുടെ പ്രഭവ കേന്ദ്രമെന്നും ചിദംബരം കുറ്റപ്പെടുത്തി. ഭീകരാക്രമണത്തിന്റെ നിഴലിലാണ് ഇന്ത്യ എന്നും ഭീകരക്കെതിരെ ഫലപ്രദമായ സംവിധാനങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും ആഭ്യന്തര മന്ത്രി പി. ചിദംബരം പറഞ്ഞു.

ഭീകരവാദത്തെയും അഴിമതിയെയും ചെറുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍, ഇന്ത്യയിലെ ഓരോ ജീവനും വിലപ്പെട്ടതാണ്. സെക്യൂരിറ്റി ഉദ്യോഗസ്ഥരുമായുള്ള ജനങ്ങളുടെ സൗഹൃദം വളരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഹുജിയുടെ (ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്‌ലാമി) പേരില്‍ മാധ്യമങ്ങള്‍ക്ക് ഇ-മെയില്‍ അയച്ചയാള്‍ പിടിയിലായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം അറിയിച്ചു. സ്‌ഫോടനം ആസൂത്രണം ചെയ്തവരെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചെന്നും അദേഹം അറിയിച്ചു.