കൊച്ചി: മികച്ച ഇന്ധനക്ഷമത, കുറഞ്ഞ ശബ്ദം, കുറഞ്ഞ മെയിന്റനന്‍സ് ചെലവ് തുടങ്ങിയ വാഗ്ദാനങ്ങളുമായി ഷെവര്‍ലെ ബീറ്റ് ഹാച്ച് ബാക്ക് കേരള വിപണിയിലെത്തി. കേരളത്തില്‍ പൊതുവെ ഡീസല്‍ വാഹനങ്ങള്‍ക്ക് പ്രിയമേറി വരുന്നതിനാല്‍ വില്‍പ്പന വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ.

ഒട്ടനവധി പ്രത്യേകതകളുമായെത്തുന്ന ബീറ്റിന്റെ എഞ്ചിന്‍ രൂപപ്പെടുത്തിയിരിക്കുന്നത് ബാംഗ്ലൂരിലെയും യൂറോപ്പിലെയും എന്‍ജിനീയര്‍മാര്‍ ചേര്‍ന്നാണ്. സൈലന്റ് എഞ്ചിന്‍, ഇലക്ട്രോണിക് പവര്‍ സ്റ്റിയറിംഗ്, ഇന്റലന്റ് ലോഞ്ച് സപ്പോര്‍ട്ടര്‍ സിസ്റ്റം, സ്മാര്‍ട്ട് എഞ്ചിന്‍, ക്ലച്ച് പ്രൊട്ടക്ഷന്‍ മോഡ് എന്നിവയാണ് ഇതിന്റെ പ്രധാന പ്രത്യേകതകള്‍.

ബീറ്റ് ഡീസലിന്റെ പ്രവേശനത്തോടെ ജനറല്‍ മോട്ടോഴ്‌സിന്റെ ഇന്ത്യയുടെ കേരളത്തിലെ വിപണി എട്ട് ശതമാനത്തില്‍ നിന്ന്് 12 ശതമാനമായി വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് സുമിത് സോണി പറഞ്ഞു. കേരളത്തില്‍ കമ്പനിക്ക് 21 സെയില്‍ ഔട്ട്‌ലെറ്റുകളും 14 സര്‍വ്വീസ് സെന്ററുകളുമാണ് നിലവിലുള്ളത്. ദേശിയ തലത്തില്‍ ജി. എം ഇന്ത്യയുടെ മാര്‍ക്കറ്റ് ഷെയര്‍ 6 ശതമാനമാണ്.