കോഴിക്കോട്: വ്യാജ വധുവിനെ കാണിച്ച് വിവാഹ തട്ടിപ്പ് നടത്തിവന്ന മൂന്നംഗ സംഘം അറസ്റ്റില്‍. നരിക്കുനി എരവന്നൂര്‍ പുത്തന്‍വീട്ടില്‍ സിറാജുദ്ദീന്‍ ഹംസ (40), എലത്തൂര്‍ ചെട്ടിക്കുളം വടക്കെ തൈക്കണ്ടി ഹനീഫ അഹമ്മദ് (44), കൊയിലാണ്ടി മുചുകുന്ന് പാലാടി മീത്തല്‍ ചന്ദ്രന്റെ മകന്‍ എ.പി ഷാജി (34) എന്നിവരാണ് അറസ്റ്റിലായത്. 25ഓളം പേര്‍ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ചേവായൂര്‍ പോലീസാണ് പ്രതികളെ പിടികൂടിയത്.

വിവിധ പത്രങ്ങളിലെ വൈവാഹിക പംക്തിയില്‍ പരസ്യം നല്‍കുന്നവരില്‍ നിന്നാണ് ഇവര്‍ ഇരകളെ തിരഞ്ഞെടുക്കുന്നത്. പത്രങ്ങളില്‍ വധുവിനെ ആവശ്യമുണ്ട് എന്ന പരസ്യം വായിച്ച് അതില്‍ നല്‍കിയ നമ്പറില്‍ ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിവന്നത്. രണ്ടാം വിവാഹക്കാരാണ് ഇവരുടെ ഇരകളില്‍ ഭൂരിപക്ഷവും.

വധുവിന്റെ ആള്‍ക്കാരെന്ന നിലയില്‍ പരസ്യം നല്‍കിയയാളുമായി ബന്ധപ്പെടുന്ന ഇവര്‍ വധുവിന്റെ ബന്ധുമരിച്ചതിനാല്‍ ഹോട്ടലില്‍ എത്തണമെന്ന് വരന്റെ വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിക്കുന്നു. ഹിന്ദുവരന്മാരില്‍നിന്ന് സ്വര്‍ണ താലിമാല പൂജിക്കാനെന്ന പേരിലും മുസ്ലിം വരന്മാരില്‍നിന്ന് മഹര്‍ ഓതിക്കാനെന്ന പേരിലും കൈപ്പറ്റി മുങ്ങുകയാണ് തട്ടിപ്പിന്റെ രീതി. രണ്ട് സ്ത്രീകളെ കാണിച്ചാണ് തട്ടിപ്പ് നടത്തിവന്നത്.

കണ്ണൂരിലെയും നരിക്കുനിയിലെയും യുവതികളാണ് ഇവര്‍ക്കുവേണ്ടി വധുവേഷം കെട്ടിയിരുന്നത്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസം റിമാന്‍ഡ് ചെയ്തു. ചേവായൂര്‍ സി.ഐ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തില്‍ ‘വധുക്കള്‍ക്കായി’ ഊര്‍ജിത അന്വേഷണം ആരംഭിച്ചു.

Malayalam News

Kerala News in English