ന്യൂദല്‍ഹി: ആസ്‌ട്രേലിയന്‍ പര്യാടനത്തിനുള്ള ഇരുപത്തിരണ്ടംഗ ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. ഗോള്‍ കീപ്പര്‍ ഭരത് ഛേത്രിയാണ് ടീമിന്റെ ക്യാപ്റ്റന്‍. ഏഷ്യന്‍ ചാംപ്യന്‍സ് ഹോക്കി കിരീടം ഇന്ത്യക്ക് ലഭിക്കാന്‍ നിര്‍ണായക പ്രകടനം പുറത്തെടുത്ത മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍ ശ്രീജിത്തും ടീമിലിടം കണ്ടെത്തിയിട്ടുണ്ട്.

അച്ചടക്കം ലംഘിച്ചതിന് നടപടി നേരിട്ട സന്ദീപ് സിങ്ങിനെയും സര്‍ദാര സിങ്ങിനെയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ പരിശീന ക്യാംപില്‍ നിന്ന് അനുവാദം കൂടാതെ പിന്‍വാങ്ങിയതിന് രണ്ടുപേര്‍ക്കുമെതിരെ രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ഹോക്കി ഇന്ത്യയോട് ക്ഷമ ചോദിച്ചതിനെ തുടര്‍ന്ന് ഇരവരുടെ വിലക്ക് പിന്‍വലിക്കുകയായിരുന്നു.

ഇരുപത്തിയേഴുകാരനായ ഭരത് ഛേത്രി ആദ്യമായാണ് ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. 114 മത്സരങ്ങളില്‍ ഇന്ത്യന്‍ ഗോള്‍ലയം കാത്തിട്ടുള്ള ഛേത്രി റൊട്ടേഷന്‍ സം്മ്പ്രദായത്തിന്റെ ഭാഗമായാണ് രാജ്പാല്‍ സിങില്‍ നിന്ന് നായകസ്ഥാനം ഏറ്റെടുക്കുന്നത്.

ഒരുമാസം നീണ്ടുനില്‍ക്കുന്ന ഓസീസ് പര്യടനത്തിനിടെ ഇന്ത്യന്‍ ടീം ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റിലും പാക്കിസ്ഥാന്‍, ഓസ്‌ട്രേലിയ ടീമുകള്‍ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റിലും മല്‍സരിക്കും. ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റില്‍ ഒന്‍പതുപേരുടെ ടീമാവും മല്‍സരിക്കുന്നത്.

പാക്കിസ്താനും ന്യൂസിലാന്‍ഡുമാണ് ഇന്ത്യയെയും, ആസ്‌ട്രേലിയയും കൂടാതെ ചതുര്‍രാഷ്ട്ര ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത്. ഒക്ടോബര്‍ 20 മുതല്‍ 23 വരെ പെര്‍ത്തിലാണ് മത്സരം. ആസ്‌ട്രേലിയന്‍ എക്കെതിരെ ഒക്ടേബര്‍ പതിനേഴിന് നടക്കുന്ന സന്നാഹ മത്സരത്തോടെയാണ് ഇന്ത്യയുടെ പര്യാടനം ആരംഭിക്കുന്നത്.