മുംബൈ: ലോക പ്രശസ്ത ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിന്റെ പുതിയ നോവല്‍ ‘റവല്യൂഷന്‍ 2020’ സാഹിത്യ വിപണിയില്‍ റവല്യൂഷനാകുന്നു. പ്രകാശനത്തിന് മുമ്പേ ലക്ഷക്കണക്കിന് കോപ്പികള്‍ ബുക്ക് ചെയ്യപ്പെട്ടിരുന്നു. ഈ മാസം എട്ടിനാണ് പുസ്തകം പുറത്തിറങ്ങിയത്.

വില്‍പ്പനയില്‍ റെക്കോഡുകള്‍ തിരുത്തിക്കുറിച്ച മുന്‍ നോവലുകളില്‍നിന്ന് വ്യത്യസ്തമായി സ്വാശ്രയ വിദ്യാഭ്യാസ കച്ചവടവും ജനപക്ഷ മാധ്യമ പ്രവര്‍ത്തനവുമാണ് പുതിയ പുസ്തകത്തിന്റെ പ്രമേയം. സമസ്ത മേഖലകളെയും ഗ്രസിച്ച അഴിമതിക്കെതിരായ സന്ദേശവും തന്റെ പുതിയ കൃതിയിലൂടെ ചേതന്‍ ഭഗത് നല്‍കുന്നുണ്ട്.

Subscribe Us:

എന്‍ജിനീയറാകാന്‍ മോഹിച്ച് രണ്ടുതവണ ശ്രമിച്ചിട്ടും എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച റാങ്ക് നേടാന്‍ കഴിയാത്ത ഗോപാല്‍ മിശ്ര എന്ന വിദ്യാര്‍ഥി അപ്രതീക്ഷിത വഴിത്തിരിവിലൂടെ ഒരു എന്‍ജിനീയറിംഗ് കോളജിന്റെ ഡയറക്ടറാകുന്നതാണ് കഥ. ഭരണകക്ഷിയിലെ പ്രമുഖനായ എം.എല്‍.എയുടെ ഒത്താശയോടെ കൃഷി ഭൂമി നികത്തി കെട്ടിടനിര്‍മാണ അനുമതി സമ്പാദിക്കുന്നതടക്കം ഇന്ത്യയുടെയും സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളാണ് നോവല്‍ കാണിച്ചു തരുന്നു. മാര്‍ക്കറ്റിംഗ് താല്‍പര്യങ്ങള്‍ അജണ്ട നിശ്ചയിക്കുന്ന മാധ്യമ സംസ്‌കാരത്തെ നോവല്‍ വിമര്‍ശിക്കുന്നുണ്ട്.

അണ്ണാ ഹസാരെയും പൗരസമൂഹവും ഉയര്‍ത്തിവിട്ട അഴിമതി വിരുദ്ധ വികാരം ശക്തമായി നിലനിന്ന പശ്ചാത്തലത്തിലാണ് നോവല്‍ പുറത്തിറങ്ങിയത്. അണ്ണാ ഹസാരെയുടെ സമരത്തിന് ചേതന്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഹസാരെ തന്റെ രചനയെ സ്വാധീനിച്ചിട്ടില്ലെന്നും രണ്ടുവര്‍ഷം മുമ്പേ ഈ പ്രമേയം മനസ്സില്‍ ഉണ്ടായിരുന്നതായും ചേതന്‍ ഭഗത് പറയുന്നു.

ടൈം മാഗസിന്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരിലൊരാളായി ചേതന്‍ ഭഗതിനെ തെരഞ്ഞെടുത്തിരുന്നു.