കോഴിക്കോട്: തിരുകേശത്തിലൂടെ പ്രവാചകനെ നിന്ദിക്കുന്നുവെന്നാരോപിച്ച് സംസ്ഥാനത്തെ അമ്പതു കേന്ദ്രങ്ങളില്‍ ഇ.കെ.സമസ്ത പ്രതിഷേധ സമ്മേളനം നടത്തുമെന്ന് പ്രഖ്യാപിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷകസംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തില്‍ കോഴിക്കോട് ടാഗോര്‍ ഹാളില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്.

തിരുകേശ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ സംസ്ഥാനത്തെ അമ്പതു കേന്ദ്രങ്ങളില്‍ പ്രതിഷേധ സമ്മേളനവും ഡിസംബര്‍ എട്ടിനു കോഴിക്കോട് സമാപന സമ്മേളനവും നടത്തുമെന്ന് സമ്മേളനത്തില്‍ അറിയിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്ത സത്യത്തിനൊപ്പമാണെന്നും സത്യത്തെ പിന്തുടരല്‍ വിശ്വാസികളുട കടമയാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലെ മുഹമ്മദ് ഇഖ്ബാല്‍ ജാലിയന്‍ വാലാബാഗില്‍ നിന്നാണ് കേശം ലഭിച്ചതെന്ന് സ്ഥിരീകരിക്കപ്പെട്ട സ്ഥിതിക്ക് തിരുകേശത്തിന്റെ മറവിലുള്ള ചൂഷണത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എം.ടി.അബ്ദുള്ള മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. കോട്ടുമല ടി.എം.ബാപ്പു മുസ്ല്യാര്‍ സമര പ്രഖ്യാപനം നടത്തി. പ്രൊഫ.കെ.ആലിക്കുട്ടി മുസ്ല്യാര്‍, ടി.കെ.എം.ബാവ മുസ്ല്യാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്ല്യാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.