Categories

അവധിക്ക് വേണ്ടി കൂട്ട ശസ്ത്രക്രിയ: പ്രത്യേക സംഘം അന്വേഷിക്കും

cherthala taluk hospital cesareanചേര്‍ത്തല: ചേര്‍ത്തലയിലെ താലൂക്ക് ആശുപത്രിയില്‍ നടന്ന കൂട്ട സിസേറിയന്‍ സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി വ്യക്തമാക്കി. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. നേരത്തെ സംഭവത്തെക്കുറിച്ച് ജില്ലാ കലക്ടര്‍ ഡി.എം.ഒയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഡോക്ടര്‍മാര്‍ക്കു തുടര്‍ച്ചയായ അവധിദിനങ്ങള്‍ ആസ്വദിക്കാന്‍ ഗര്‍ഭിണികളെ കൂട്ടത്തോടെ പ്രസവശസ്ത്രക്രിയയ്ക്കു വിധേയരാക്കിയതായാണ് പരാതി ഉയര്‍ന്നത്.

ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ രണ്ടുദിവസത്തിനിടെ 29 ഗര്‍ഭിണികള്‍ക്കു സിസേറിയന്‍ നടത്തിയെന്നായിരുന്നു ആരോപണം. അതേസമയം ആശുപത്രിയില്‍ ഒരു ദിവസം 21 ഗര്‍ഭിണികളെയാണ് സിസേറിയന് വിധേയരാക്കിയതെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

തീരദേശ മേഖലയായ ചേര്‍ത്തലയില്‍ മത്സ്യത്തൊഴിലാളികളും ചകിരി തൊഴിലാളികളും പ്രധാനമായും ആശ്രയിക്കുന്നത് താലൂക്ക് ആശുപത്രിയെയാണ്. ഇപ്പോള്‍ ഗൈനക്കോളജിയിലെ ഡോ.പി.എസ് രാജേന്ദ്രന്‍ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. ബാക്കിയെല്ലാവരും അവധിയിലാണ്. എന്തിനാണ് ശസ്ത്രക്രിയയെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടില്ലെന്ന് ശസ്ത്രക്രിയക്ക് വിധേയമായ സ്ത്രീകളുടെ ബന്ധുക്കള്‍ പറയുന്നു. അസാധാരണമായി പ്രസവം നടന്നതിനാല്‍ വാര്‍ഡില്‍ ഇപ്പോള്‍ നിന്ന് തിരിയാന്‍ പറ്റാത്ത അവസ്ഥയാണ്.

ശസ്ത്രക്രിയക്കായി ഡോക്ടര്‍മാര്‍ പണം വാങ്ങിയതായും ആരോപണമുണ്ട്. എന്നാല്‍ തുടര്‍ ചികിത്സ ഭയന്ന് പലരും മാധ്യമങ്ങളോട് ഇക്കാര്യം പറയാന്‍ തയ്യാറായിട്ടില്ല.

അതേസമയം ഇവിടെ ഭൂരിഭാരം പ്രസവവും ശത്രക്രിയ വഴിയാണ് നടക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിനായി ഡോക്ടര്‍മാര്‍ പണം വാങ്ങുന്നതായി പരാതിയുണ്ട്. നേരത്തെ പ്രസവ ശസ്ത്രക്രിയയുടെ പേരില്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ വനിതാ ഡോക്ടര്‍മാര്‍ ഏറ്റുമുട്ടിയ സംഭവം ചേര്‍ത്തല താലൂക്ക് ആസ്പത്രിയിലുണ്ടായിരുന്നു. സാധാരണ പ്രസവം ശസ്ത്രക്രിയയായി മാറ്റുന്നതുവഴി ഡോക്ടര്‍മാര്‍ക്ക് ലഭിക്കുന്ന വരുമാനമാണ് പ്രസവശസ്ത്രക്രിയ വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

ലോകാരോഗ്യ സംഘടനയുടെ നിബന്ധനപ്രകാരം 15 ശതമാനവും സംസ്ഥാനസര്‍ക്കാരിന്റെ നിബന്ധനപ്രകാരം 30 ശതമാനവുമാണ് പ്രസവ ശസ്ത്രക്രിയയുടെ നിരക്ക്. സംസ്ഥാന ശരാശരി 35 ആണ്. ചേര്‍ത്തല താലൂക്ക് ആസ്പത്രിയില്‍ ഇത് 50 ശതമാനമാണെന്ന് ഡി.എം.ഒ. യുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

One Response to “അവധിക്ക് വേണ്ടി കൂട്ട ശസ്ത്രക്രിയ: പ്രത്യേക സംഘം അന്വേഷിക്കും”

  1. sajith

    ആരൊക്കെയാണു അവിടെ അവധിയെടുത്തത് എന്നു ദൂള് നഊസ് വെളിപ്പെടുത്തണം. രോഗികളെ പീഡിപ്പിച്ചവരെ യേശു രക്ഷിക്കട്ടെ………

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.