തൃശ്ശൂര്‍: ചേറൂരില്‍ മുന്‍ അധ്യാപികയെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. തമിഴ്‌നാട് സ്വദേശികളായ മുരുകേശന്‍ (25), ശെല്‍വന്‍ (21) എന്നിവരെയാണ് തൃശ്ശൂര്‍ രണ്ടാം ക്ലാസ് അതിവേഗ കോടതി ശിക്ഷിച്ചത്. ഇവര്‍ രണ്ട് ലക്ഷം രൂപ വീതം പിഴയടക്കണം എന്നും കോടതി വിധിച്ചു.

ചേറൂര്‍ വായനശാലയ്ക്ക് സമീപം എ.കെ.ജി നഗറില്‍ തൈക്കൂട്ട് മുന്‍ അധ്യാപിക വിശാലാക്ഷി (70), സഹോദരി സരസ്വതി (68) എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് കോടതി വിധി. പിഴയായി വിധിച്ച രണ്ട് ലക്ഷം രൂപ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു.

2009 നവംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തെങ്ങുകയറ്റ തൊഴിലാളികളായ പ്രതികള്‍ക്ക് കൊല്ലപ്പെട്ടവരുമായി നേരത്തെ പരിചയമുണ്ടായിരുന്നു. കവര്‍ച്ചാശ്രമമാണ് കൊലപാതകത്തില്‍ കലാശിച്ചത്.