Categories

Headlines

തേക്കടി ദുരന്തം: ഉത്തരവാദിത്വമില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്

tekkadi

തിരുവനന്തപുരം: തേക്കടി ബോട്ടുദുരന്തത്തിനിടയാക്കിയ ജലകന്യകയെന്ന ബോട്ട് വാങ്ങിയതുമായി ബന്ധപ്പെട്ട് കെ ടി ഡി സി ഉത്തരവാദിയല്ലെന്ന് ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പ് പോലീസിന് മൊഴി നല്‍കി. ബോട്ടു വേണമെന്ന് മാത്രമാണ് കെ ടി ഡി സി ആവശ്യപ്പെട്ടത്. സംസ്ഥാന ടൂറിസം വകുപ്പാണ് ബോട്ട് നിര്‍മ്മാണത്തിനും വാങ്ങുന്നതിനും നടപടിക്രമങ്ങളെടുത്തതെന്നും തിരുവനന്തപുരം മ്യൂസിയം പോലീസില്‍ നല്‍കിയ മൊഴിയില്‍ ചെറിയാന്‍ ഫിലിപ്പ് പറയുന്നു.

കെ ടി ഡി സിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എന്ന നിലയില്‍ നയപരമായ തീരുമാനങ്ങളിലല്ലാതെ ദൈനംദിന ഭരണകാര്യങ്ങളില്‍ തനിക്ക് യാതൊരുവിധ അധികാരമോ ചുമതലയോ ഇല്ല. 50 ലക്ഷം രൂപക്ക് മുകളിലുള്ള സ്ഥാവര-ജംഗമ വസ്തുക്കള്‍ വാങ്ങുന്നതിന് കെ ടി ഡി സി ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്. അപകടത്തില്‍പ്പെട്ട ജലകന്യക എന്ന ബോട്ട് കെ ടി ഡി സി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനപ്രകാരം വാങ്ങിയതല്ല. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നേരിട്ടാണ് ടെണ്ടര്‍ വിളിച്ചത്. നിര്‍മ്മാണ കരാര്‍ നല്‍കിയതും പണം മുടക്കിയതും ടൂറിസം വകുപ്പാണ്. ബോട്ട് വാങ്ങല്‍ സംബന്ധിച്ച ഒരു തീരുമാനവും കെടിഡിസി ഡയറക്ടര്‍ ബോര്‍ഡിന്റെ പരിഗണനയില്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ ചെയര്‍മാന്‍ എന്ന നിലയ്ക്ക് തനിക്ക് നേരിട്ടോ അല്ലാതെയോ ഇക്കാര്യത്തില്‍ യാതൊരു ഉത്തരവാദിത്വമില്ലെന്നും തേക്കടി ബോട്ട് അപകടവുമായി ബന്ധപ്പെട്ട വീഴ്ചകള്‍ തന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമല്ലെന്നും മൊഴിയില്‍ ചൂണ്ടിക്കാട്ടുന്നു. തേക്കടി ബോട്ട് ദുരന്തത്തില്‍ 45 മരിക്കാനിടയായ സംഭവത്തില്‍ കേരളാ സംസ്ഥാന വിനോദ സഞ്ചാര വികസന കോര്‍പ്പറേഷന്‍ ഗുരുതരമായ വീഴ്ച വരുത്തിയതായി അന്വേഷണ ചുമതല വഹിച്ച ക്രൈംബ്രാഞ്ച് ഐ ജി ആര്‍ ശ്രീലേഖ കഴിഞ്ഞദിവസം ഡി ജി പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.