എഡിറ്റര്‍
എഡിറ്റര്‍
ചെരാത് കഥയം കഥാക്യാമ്പ് സംഘടിപ്പിച്ചു
എഡിറ്റര്‍
Sunday 3rd November 2013 6:14pm

Cherath-Literary-Camp

റിയാദ്: ‘ചെരാത് സാഹിത്യവേദി’ റിയാദില്‍ ഏകദിന കഥാക്യാമ്പ് (കഥയം 2013)  ക്യാമ്പ് നടത്തി. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് സംഘടിപ്പിച്ച പരിപാടി പ്രമുഖ കവിയും ഗാനരചയിതാവും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി കെ ഗോപി ഫോണ്‍ ഇന്‍  വഴി ഉദ്ഘാടനം ചെയ്തു.

ഏതു കാലമായാലും  ഏതു ദേശമായാലും നല്ല കഥ കാലാതിവര്‍ത്തിയായിത്തന്നെ നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.  കഥയില്ലാത്ത നിമിഷമോ ജീവിതമോ വ്യക്തിയോ സമൂഹമോ ദേശമോ ഇല്ല എന്നതാണ് വാസ്തവം.

ലക്ഷണ യുക്തമായ നോവലാണ് ഇന്ദുലേഖയെങ്കിലും അതിനും എണ്‍പത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ണൂരിലെ എം പി സുകുമാരന്‍ എന്നയാള്‍ എഴുതിയ ‘രേവതി’ എന്ന നീണ്ടകഥ തനിക്ക്  വിസ്മയിപ്പിക്കുന്ന  വായനാനുഭവമായിരുന്നെന്ന് പി കെ ഗോപി അനുസ്മരിച്ചു.

ഇത് തെളിയിക്കുന്നത് ഏതു ഗ്രാമത്തിലും എവിടെനിന്നും ഏകമായി ഒരു കഥ പിറക്കാമെന്നും അനന്തമായ ജീവിതാനുഭവങ്ങളുടെ ചില ഏടുകള്‍ ചില മനുഷ്യര്‍ മനസ്സിന്റെ മൂശയിലിട്ടു ഉടച്ചുവാര്‍ത്തു മറ്റുള്ളവര്‍ക്ക് രസാനുഭവവും ആകാംഷയും നല്‍കി പുനര്‍സൃഷ്ടിക്കുമെന്നാണ്.

ജീവിതസത്യത്തിന്റെ മൂല്യങ്ങള്‍ കൂടി അവയിലുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഏതുകാലത്തേക്കുമുള്ള വായനയ്ക്ക് പ്രാപ്തമായ കഥയായി അവയൊക്കെ മാറിക്കൂടെന്നില്ല.  കഥ ഉടയാത്ത കണ്ണാടിപോലെയാണ്.

രസമൊഴിയാത്ത ഒരു കണ്ണാടിയായി അത് കാലത്തെയും ചരിത്രത്തെയും വ്യവസ്ഥയെയും വൈകാരിക വൈരുദ്ധ്യങ്ങളെയും നിരന്തരം പ്രതിഫലിപ്പിച്ചു കൊണ്ടിരിക്കും.

ആത്മാവിഷ്‌കാരമെന്നു നമുക്ക് ഒറ്റ വാക്കില്‍ പറയാമെങ്കില്‍പോലും മനുഷ്യനെന്ന ഒരാള്‍ ഒറ്റയ്ക്കല്ല ജീവിക്കുന്നതെന്ന യാഥാര്‍ഥ്യം സ്വാഭാവികമായ ലോകാവിഷ്‌കാരമായി മാറിപ്പോവുകയാണ് ചെയ്യുന്നത്.

നാം ഒറ്റയ്ക്കായിരിക്കാം എഴുതുന്നത്. നമ്മുടെ ഉള്ളിലുള്ള വികാരമായിരിക്കാം പറയാന്‍ പോകുന്നത്. എന്നാല്‍ ഒറ്റയ്ക്കല്ല നമ്മള്‍ ജീവിക്കുന്നത്. മറ്റുള്ളവരില്ലാതെ എനിക്ക് മാത്രം എന്ത് കഥ? നിറമുള്ള സ്വപ്നങ്ങളും കയ്പ്പും മധുരവും നിറഞ്ഞ ജീവിത സഞ്ചാരത്തെ നമുക്കെല്ലാം കഥയെന്നു വിളിക്കാമെന്നും പി.കെ ഗോപി പറഞ്ഞു.

ആര്‍ മുരളീധരന്‍ അധ്യക്ഷനായിരുന്നു. പ്രവാസത്തിന്റെ ചരിത്രപരവും  സാമൂഹ്യശാസ്ത്രപരവുമായ അവസ്ഥകള്‍  ശരിയായ രീതിയില്‍ ആവിഷ്‌കരിക്കുന്നതില്‍  പ്രവാസി എഴുത്തുകാര്‍ക്കും  വായനക്കാര്‍ക്കുമുള്ളില്‍ നിലനില്‍ക്കുന്ന  രൂഡമൂലമായ തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ഇത്തരം ശില്‍പശാലകള്‍ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നജീം കൊച്ചുകലുങ്ക് സ്വാഗതം പറഞ്ഞു.
റിയാദ് അല്‍യാസ്മിന്‍ സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ എം. സി. സെബാസ്റ്റ്യന്‍, റിയാദ് മീഡിയ ഫോറം പ്രസിഡന്റ് ബഷീര്‍ പാങ്ങോട്, ഉബൈദ് എടവണ്ണ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

തുടര്‍ന്ന് സമകാലീന  ലോകസാഹിത്യത്തെക്കുറിച്ച് പ്രമുഖ കഥാകൃത്തും സാഹിത്യ വിമര്‍ശകനുമായ പി. ജെ. ജെ. ആന്റണിയുടെ വിഷയാവതരണം നടന്നു. ഐ. സമീല്‍ മോഡറേറ്ററായിരുന്നു.

ജീവിതത്തിന്റെ ധൈഷണികവും വൈകാരികവുമായ പരിസരങ്ങള്‍ സദാ മാറ്റത്തിന് വിധേയമാണ്. ഇതിനു അനുസൃതമായി ജീവിതത്തെ ആവിഷ്‌കരിക്കുന്ന സാഹിത്യവും മാറിക്കൊണ്ടിരിക്കുന്നു വിശദാംശങ്ങളില്‍ വ്യതിരിക്തത പുലര്‍ത്തുമ്പോഴും ഈ പരിണാമവും പരിവര്‍ത്തനങ്ങളും ലോകഭാഷകളില്‍ പരക്കെ കാണപ്പെടുന്നു.

അതി വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ക്രിയാകാലത്തില്‍ പഴയതുപോലെ എഴുത്തിനെ നിര്‍വചിക്കുകയെന്നതും കഠിനമാണ്. ഈ വെല്ലുവിളിയെ നേരിടാന്‍ പ്രവാസി എഴുത്തു കാരെയും വായനക്കാരെയും സഹായിക്കേണ്ടതാണ്. അദ്ദേഹം പറഞ്ഞു.

ഉച്ചക്ക്‌ശേഷം കഥാകൃത്ത് ജോസഫ് അതിരുങ്കല്‍ ‘മലയാള ഭാഷയും ഗള്‍ഫിലെ എഴുത്തുകാരും’ എന്ന വിഷയം അവതരിപ്പിച്ചു. ഷക്കീല വഹാബ്  മോഡറേറ്ററായിരുന്നു.

മലയാളിയുടെ ഗള്‍ഫ് കുടിയേറ്റത്തിന് അരനൂറ്റാണ്ടിലധികം പഴക്കമുണ്ടെങ്കിലും  നിരവധി ശ്രദ്ധേയമായ രചനകള്‍ പ്രവാസി എഴുത്തുകാരുടേതായി വന്നിട്ടുണ്ടെങ്കിലും പ്രവാസി കടന്നുപോകുന്ന തീഷ്ണമായ ജീവിതാനുഭവങ്ങളുടെ ആവിഷ്‌കാരം ഇനിയും പ്രവാസ സാഹിത്യത്തില്‍ കടന്നു വന്നിട്ടില്ല.

ഇതിന്റെ പ്രധാന കാരണം ‘ഈന്തപ്പനയില്‍ നാളികേരം’ കാണുന്ന തരത്തിലുള്ള ഗൃഹാതുരതയുടെ അതിപ്രസരമാണ്. ഇത്  പുതിയ കാലത്തെ സെന്‍സിബിലിറ്റിയുമായി യോജിക്കുന്നതല്ല. എന്നാല്‍ തങ്ങള്‍ ജീവിച്ചിരുന്ന ഒരു കാലത്തിന്റെ കയ്യൊപ്പുകള്‍ വായിച്ചെടുക്കാന്‍ വരും തലമുറക്ക് കഴിയുന്ന കൃതികള്‍ രചിക്കുന്നവര്‍ മാത്രമേ യഥാര്‍ത്ഥ പ്രവാസി എഴുത്തു കാരാവുകയുള്ളൂ.

‘കഥയുടെ പുതുവഴികള്‍’ എന്ന വിഷയത്തില്‍ പി. ജെ. ജെ. ആന്റണി തന്റെ രണ്ടാമത്തെ വിഷയാവതരണം നടത്തി. സബീന എം സാലി മോഡറെറ്ററായിരുന്നു.

മലയാളിയുടെ എഴുത്തില്‍ ലോകനിലവാരത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്നത് കഥയാണെന്ന് കരുതപ്പെടുന്നു. ഏറ്റവും കൂടുതല്‍ ലോകഭാഷകളിലേക്ക് മലയാളത്തില്‍നിന്നും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ളതും ഒരു കഥയാണ്. പൊന്‍കുന്നം വര്‍ക്കിയുടെ ‘ശബ്ദി ക്കുന്ന കലപ്പ’.

ദ്രുത വേഗമാര്‍ന്ന ജീവിതത്തോടൊപ്പം സഞ്ചരിക്കുന്ന സമകാല മലയാള കഥയുടെ പുതുവഴികള്‍ ആഖ്യാനഭാഷയിലും പ്രമേയത്തിലും ശില്‍പത്തിലും ഇതര ഭാഷകളെക്കാള്‍ ഏറെ മുന്നിലാണ്.

അഹമ്മദ് മേലാറ്റൂര്‍, ഷക്കീല വഹാബ്, റസൂല്‍ സലാം, രാജു ഫിലിപ്, അംജദ്  ഖാന്‍, ജയചന്ദ്രന്‍ നെരുവംബ്രം, നൗഷാദ് കോര്‍മത്ത്, ആര്‍ മുരളീധരന്‍,  ജാഫര്‍, നജീം കൊച്ചുകലുങ്ക്, നൂറുദീന്‍, ഡാര്‍ലി തോമസ്, ഉബൈദ് എടവണ്ണ, സിന്ധുപ്രഭ, സുബൈദ, ഷീബ രാജു ഫിലിപ്, സേബ തോമസ്, ഐ സമീല്‍, എന്നിവര്‍ വിവിധ സെഷനുകളില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

ചടങ്ങില്‍ പങ്കെടുത്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ കെ. യു. ഇക്ബാല്‍ എഴുത്തിനെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടുകള്‍ സദസ്സുമായി പങ്കുവച്ചു.

സങ്കീര്‍ണ്ണമായ ലോകത്തെ ആവിഷ്‌കരിക്കാന്‍  കേരളത്തിലെ പുതിയ എഴുത്തുകാര്‍ ചെയ്യുന്നതുപോലെ പ്രവാസി സാഹിത്യകാരന്മാര്‍ക്കു കഴിയുന്നില്ലെന്നു ക്യാമ്പില്‍ ലഭിച്ച കഥകളെ വിശകലനം ചെയ്തുകൊണ്ട് കഥാകൃത്ത് എം. ഫൈസല്‍ ഗുരുവായൂര്‍ പറഞ്ഞു.  ഇത് അവരുടെ വലിയ പരിമിതിയാണെങ്കിലും  ഏകശിലാശാസിതമായ ഒരു സംസ്‌കാരത്തോടു ഘര്‍ഷണം ചെയ്യാന്‍ വരുന്നത് ബഹുസ്വരമായ ഒരു സമൂഹമായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും  ഫൈസല്‍ പറഞ്ഞു.

ക്യാമ്പ്  അവലോകനം എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ  ജയചന്ദ്രന്‍ നെരുവംബ്രം നടത്തി. ക്യാമ്പില്‍ പങ്കെടുത്തവരുടെ ശ്രദ്ധയും താല്‍പര്യവും സജീവമായി ചര്‍ച്ചകളില്‍ പങ്കെടുത്തതും ക്യാമ്പിനെ സാര്‍ഥകമാക്കി.

പുതിയ പുസ്തകങ്ങള്‍ പരിചയപ്പെടുന്നത്തിനും എഴുത്തിന്റെ മേഖലയില്‍ ആഗോള തലത്തില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ അറിയുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമുള്ള സ്ഥിരം വേദിയായി ക്യാമ്പിനെ മാറ്റാന്‍ സംഘാടകര്‍ തയ്യാറാകണമെന്നും ജയചന്ദ്രന്‍ പറഞ്ഞു. മാത്രമല്ല എഴുത്തിലും വായനയിലും വ്യത്യസ്ഥമായ കാഴ്ച പ്പാടുകള്‍ പുലര്‍ത്തുന്ന എഴുത്തുകാരെ നാട്ടില്‍ നിന്നും കൊണ്ടു വരുന്നതിനും ചെരാത്  തയ്യാറാകേണ്ടതാണെന്നും ജയചന്ദ്രന്‍ പറഞ്ഞു.

ഷൈജു ചെമ്പൂരും രാജു ഫിലിപ്പും കവിതകള്‍ ആലപിച്ചു.

ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍  ക്യാമ്പ് ഡയറക്റ്ററായ പി  ജെ ജെ ആന്റണി വിതരണം ചെയ്തു. പി ജെ ജെ ക്കുള്ള  ഉപഹാരവും പ്രശംസാപത്രവും ആര്‍. മുരളീധരന്‍ നല്‍കി.

റഫീക്ക് പന്ന്യങ്കര നന്ദി പറഞ്ഞു. റഫീക്ക് തിരുവിഴാംകുന്നു ശില്‍പശാലയുടെ കണ്‍വീനര്‍ ആയിരുന്നു.

Advertisement