ന്യൂദല്‍ഹി: വി.എസ് അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങള്‍ മറ്റ് വിഷയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ വേണ്ടിയുള്ള സി.പി.ഐ.എമ്മിന്റെ ശ്രമമായിരുന്നുവെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ജനശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ് വി.എസിന് സീറ്റ് നിഷേധിച്ചത്. 2006ലെ അതേ നാടകമാണ് 2011ലും അരങ്ങേറിയത്. ഒരിക്കല്‍ ജനങ്ങളെ കബളിപ്പിച്ച ഇടതു മുന്നണിക്ക് ജനങ്ങള്‍ വീണ്ടും അവസരം നല്‍കില്ലെന്നും ഉമ്മന്‍ ചാണ്ടി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

വി.എസ്. അച്യുതാനന്ദന്‍ മത്സര രംഗത്തുണ്ടായാലും ഇടതുമുന്നണി നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്നു കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. വി.എസിനെ മത്സരിപ്പിക്കാനുള്ള സി.പി.ഐ.എം തീരുമാനം നാടകമാണ്. ഇതാണു യഥാര്‍ഥ നാടകം. ഈ നാടകം കേരളത്തിലെ ജനങ്ങള്‍ ഒരിക്കല്‍ക്കൂടി കാണുകയാണ്. ജനം ഇതു തള്ളും. സി.പി.ഐ.എമ്മിലെ ജീര്‍ണതയാണിതു കാണിക്കുന്നത്.

അഞ്ചു വര്‍ഷം കേരളം ഭരിച്ച സര്‍ക്കാരിന് ഒന്നും പറയാനില്ലാത്തപ്പോള്‍ ഇത്തരം ഗിമ്മിക്കുകളിലൂടെ രക്ഷപ്പെടാമെന്നാണു കരുതുന്നതെങ്കില്‍ നടക്കാന്‍ പോകുന്നില്ല. സി.പി.ഐ.എം സ്ഥാനാര്‍ഥിപ്പട്ടിക അവരുടെ ആഭ്യന്തര കാര്യമാണ്. വി.എസിന്റെ സ്ഥാനാര്‍ഥിത്വത്തെ ഭയമില്ല. തദ്ദേശ തെരഞ്ഞെടുപ്പിലും ലോക് സഭ തെരഞ്ഞെടുപ്പിലും നേടിയ ചരിത്ര വിജയം യു.ഡി.എഫ് ആവര്‍ത്തിക്കും.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക 21നു പുറത്തിറക്കും. എല്ലാ കാര്യങ്ങളും പരിഗണിച്ചു ചര്‍ച്ചകളിലൂടെ കൂടുതല്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാനാണു ശ്രമമെന്നും അദ്ദേഹം പറഞ്ഞു.