തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിക്കും തനിക്കും ഇടയില്‍ ഭിന്നതയുണ്ടെന്ന എം.വി രാഘവന്റെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്നറിയില്ലെന്ന് ചെന്നിത്തല. ഉമ്മന്‍ചാണ്ടിയുമായി തനിക്ക് യാതൊരു തരത്തിലുള്ള ഭിന്നതയും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്ത് വര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ചാണ്ടി ചെന്നിത്തലയ്‌ക്കെതിരേയും ചെന്നിത്തല ഉമ്മന്‍ചാണ്ടിയ്‌ക്കെതിരേയും മത്സരിക്കുന്നു എന്ന് സി.എം.പി നേതാവ് എം.പി രാഘവന്‍ ഇന്നലെ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല

തിരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് ഒരു പദവി എന്ന തത്വം നടപ്പിലാക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസത്തിനു ശേഷം എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിനു ഒറ്റ സ്ഥാനാര്‍ഥിയെ ഉണ്ടാവൂ. കെപിസിസി തീരുമാനങ്ങള്‍ ലംഘിച്ച് മുന്നോട്ട് പോകുന്നവര്‍ക്കെതിരെ തല്‍ക്ഷണം നടപടിയെടുക്കും. സീറ്റ് നിര്‍ണ്ണയത്തില്‍ ഓര്‍ത്തഡോക്‌സ് സഭ ഉന്നയിച്ച ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വിഷയത്തെക്കുറിച്ച് സഭാ പ്രതിനിധികളുമായി വൈകിട്ട് കോട്ടയത്ത് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സി.പി.ഐ.എം കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണ്. മലമ്പുഴയില്‍ വി.എസ് അച്യുതാനന്ദനെതിരെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തത് ഇതിന്റെ തെളിവാണ്. കേരളത്തില്‍ താമര വിരിയിക്കാന്‍ സി.പി.ഐ.എം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.