തിരുവനന്തപുരം: വിലക്ക് ലംഘിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രസ്താവന തുടര്‍ന്നാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. മുന്നണിയിലെ എല്ലാവരും പരസ്യപ്രസ്താവന ഒഴിവാക്കുന്നതാണ് നല്ലത്. ലീഗിനെതിരെ പാര്‍ട്ടി വക്താവ് എം.എം.ഹസന്‍ നടത്തിയ പ്രസ്താവന അതിരുകടന്നതാണെന്ന് കരുതുന്നില്ല. യു.ഡി.എഫിലെ കക്ഷികളെ ഒരുമിച്ചുകൊണ്ടുപോകാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

യു.ഡി.എഫില്‍ ഏറ്റവുമധികം വിട്ടുവീഴ്ച ചെയ്യുന്നത് കോണ്‍ഗ്രസാണെന്നായിരുന്നു എം.എം ഹസന്റെ പ്രസ്താവന. ആട്ടുംതുപ്പും സഹിച്ച് യു.ഡി.എഫില്‍ തുടരില്ലെന്ന് പറയുന്നവര്‍ ആത്മാഭിമാനം പണംവച്ച് മുന്നണിയെ നയിക്കാന്‍ കോണ്‍ഗ്രസിന് ബുദ്ധിമുട്ടുണ്ടെന്ന കാര്യം മറക്കരുതെന്നും ഹസന്‍ പറഞ്ഞിരുന്നു.

മുന്നണിയെ നയിക്കുന്നതിനിടയില്‍ കോണ്‍ഗ്രസ് നടത്തുന്ന വിട്ടുവീഴ്ചകള്‍ ദൗര്‍ബല്യമായി കാണരുത്. മുന്നണിയില്‍ എല്ലാവരും പരസ്യപ്രസ്താവന ഒഴിവാക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ പരസ്യപ്രസ്താവന നടത്തരുതെന്ന കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ വിലക്ക് മറികടന്ന് കെ. മുരളീധരന്‍ ലീഗിനെ രൂക്ഷമായി വിമര്‍ശിച്ചു. പരസ്യപ്രസ്താവന നിര്‍ത്തണമെങ്കില്‍ ആദ്യം ലീഗ് പ്രസ്താവന നിര്‍ത്തണമെന്നും മുരളീധരന്‍ പറഞ്ഞു.