എഡിറ്റര്‍
എഡിറ്റര്‍
അഞ്ചാം മന്ത്രി അനുവദിക്കരുതെന്ന് കെ.പി.സി.സി, അന്തിമതീരുമാനം ഹൈക്കമാന്റിന്റേതെന്ന് ചെന്നിത്തല
എഡിറ്റര്‍
Tuesday 3rd April 2012 6:08pm

തിരുവനന്തപുരം: മുസ്‌ലീം ലീഗിന്റെ അഞ്ചാം മന്ത്രി ആവശ്യം അനുവദിക്കേണ്ടെന്ന് കെ.പി.സി.സി യോഗത്തില്‍ പൊതുവികാരം. ലീഗിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് യോഗത്തില്‍ ഉയര്‍ന്ന പൊതുഅഭിപ്രായം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ദല്‍ഹിയിലേക്ക് പോകും.

ബുധനാഴ്ചയാണ് ഇരുവരും ദല്‍ഹിക്ക് പോകുക. തിരുവനന്തപുരത്ത് ചേര്‍ന്ന കെ.പി.സി.സി യോഗത്തിന് ശേഷം രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.

വലിച്ചുനീട്ടിക്കൊണ്ടുപോകാതെ എത്രയും പെട്ടന്ന് പ്രശ്‌നം പരിഹരിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആഗ്രഹം. അതുകൊണ്ടാണ് വെച്ചുതാമസിപ്പിക്കാതെ അടിയന്തരമായി ദല്‍ഹിക്ക് പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ലീഗിന്റെ അപ്രമാദിത്വത്തിന് വഴങ്ങേണ്ടതില്ലെന്ന് യോഗത്തില്‍ സംസാരിച്ച ആര്യാടന്‍ മുഹമ്മദ് പറഞ്ഞിരുന്നു. അഞ്ചാം മന്ത്രിയെ അനുവദിച്ചാല്‍ കോണ്‍ഗ്രസിന്റെ അവസാന മുഖ്യമന്ത്രിയാകും ഉമ്മന്‍ചാണ്ടിയെന്നും ആര്യാടന്‍ പറഞ്ഞിരുന്നു. ഹിന്ദു വോട്ടുകള്‍ കോണ്‍ഗ്രസിന് അന്യമാകുമെന്നും യോഗത്തില്‍ അഭിപ്രായമുതിര്‍ന്നിരുന്നു. നാല് മന്ത്രിമാരുള്ള ലീഗിന് അഞ്ചാം മന്ത്രി വേണമെങ്കില്‍ കേന്ദ്രമന്ത്രി ഇ.അഹമ്മദ് രാജിവയ്ക്കട്ടെയെന്ന് ടി.എന്‍ പ്രതാപ് എം.എല്‍.എ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ. മുരളീധരന്‍, എം.എ ഷാനവാസ് തുടങ്ങിയ നേതാക്കളും ലീഗിന്റെ ആവശ്യത്തെ എതിര്‍ത്തിരുന്നു.

നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളും ഹൈക്കമാന്‍ഡുമായി ചര്‍ച്ച ചെയ്യുമെന്ന് ചെന്നിത്തല പറഞ്ഞു. നെയ്യാറ്റിന്‍കരയിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് ധാരണയായിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. പിറവത്തെ പ്രവര്‍ത്തനം നെയ്യാറ്റിന്‍കരയിലും ആവര്‍ത്തിക്കാനാണ് കെ.പി.സി.സി ശ്രമിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കേരള കോണ്‍ഗ്രസ്-ബിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. താനും ഉമ്മന്‍ചാണ്ടിയും ആര്‍. ബാലകൃഷ്ണപിള്ളയുമായും ഗണേഷ്‌കുമാറുമായും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം ഒക്‌ടോബര്‍ ആദ്യവാരം തിരുവനന്തപുരത്ത് നടത്താനും യോഗം തീരുമാനിച്ചു. ഏപ്രില്‍ 30 നകം മണ്ഡലം ബ്ലോക്ക് പുനസംഘടനാപ്രക്രിയ പൂര്‍ത്തീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Advertisement