തിരുവനന്തപുരം: പ്രചാരണത്തിന് യേശുദേവന്റെ ചിത്രം ഉപയോഗിക്കുന്നത് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.  മരുഭൂമിയില്‍ വെച്ച് സാത്താന്‍ യേശുക്രിസ്തുവിനെ പരീക്ഷിച്ചതുപോലെയാണ് 21ാം നൂറ്റാണ്ടില്‍ സി.പി.ഐ.എം ദൈവപുത്രനെ ദുരുപയോഗം ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇറക്കിയ പോസ്റ്ററുകളില്‍ യേശുവിന്റെ ചിത്രം ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒന്നാണിത്. അത്തരം നടപടികളില്‍ നിന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിന്‍തിരിയുകയാണ് വേണ്ടത്. പാര്‍ട്ടിലാഭത്തിനുവേണ്ടി ദൈവപുത്രനെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാര്‍ട്ടി സംസ്ഥാന സമ്മേളന നഗരിയില്‍ യേശുക്രിസ്തുവിന്റെ പടംവയ്ക്കുന്നത് എങ്ങനെയാണ് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുകയെന്ന ചോദ്യത്തിന് ചെന്നിത്തല മറുപടി നല്‍കിയതിങ്ങനെ, ‘ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്യാതെ എനിക്ക് ഇതിനെക്കുറിച്ച് പറയാന്‍ കഴിയില്ല. അവരെല്ലാം അഭിപ്രായപ്പെട്ടത് ഇത് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നുതന്നെയാണ്.’

പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കും. സുധാകരനുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. പാര്‍ട്ടിക്കെതിരായ പരസ്യമായ പ്രകടനങ്ങള്‍ക്കും പ്രസ്താവനകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളിലെ അച്ചടക്കലംഘനം അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

പാര്‍ട്ടിക്ക് ഗുണകരമായ രീതിയില്‍ വക്കം കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുമെന്നും ചെന്നിത്തല പറഞ്ഞു. പാര്‍ട്ടിയും സര്‍ക്കാരും യോജിച്ച് പ്രവര്‍ത്തിക്കും. ഇതിനായി രൂപവത്കരിച്ച കമ്മിറ്റി ഉടന്‍ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിലെ ത്രിതല പഞ്ചായത്ത് പ്രതിനിധികളെ പങ്കെടുപ്പിച്ച് മാര്‍ച്ച് 11, 12 തിയതികളില്‍ കൊച്ചിയില്‍ മഹാ പഞ്ചായത്ത് സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

Malayalam news

Kerala news in English