എഡിറ്റര്‍
എഡിറ്റര്‍
ചെന്നിത്തല സോണിയയെ കണ്ടു; മന്ത്രിസഭാപ്രവേശനവും സോളാറും ചര്‍ച്ചയായില്ല
എഡിറ്റര്‍
Saturday 22nd June 2013 12:43am

chennithala

ന്യൂദല്‍ഹി:കെ.പി.സി.സി. അധ്യക്ഷന്‍ രമേശ് ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളും സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ചാവിഷയമായില്ലെന്ന് ചെന്നിത്തല പറഞ്ഞു.

Ads By Google

സംഘടനാ വിഷയങ്ങളും തന്റെ നേതൃത്വത്തില്‍ നടന്ന കേരളയാത്ര സംബന്ധിച്ച കാര്യങ്ങളുമാണ് ചര്‍ച്ച ചെയ്തതെന്നാണ് കൂടിക്കാഴ്ചയ്ക്കുശേഷം രമേശ് ചെന്നിത്തല പറഞ്ഞത്.

മുക്കാല്‍ മണിക്കൂറോളം ഇരുവരും തമ്മിലുള്ള ചര്‍ച്ച നീണ്ടു.

ഓഗസ്റ്റ് മാസത്തില്‍ സോണിയാഗാന്ധി കേരളത്തില്‍ എത്തുമെന്ന് ചെന്നിത്തല അറിയിച്ചു. നെയ്യാര്‍ ഡാമിന് സമീപം നിര്‍മിക്കുന്ന രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനത്തിനാണ് എത്തുന്നത്.

ചെന്നിത്തല ഇന്ന് രാവിലെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കാണുന്നുണ്ട്. കേരള യാത്രയ്ക്കിടെ തനിയ്ക്ക് ലഭിച്ച നിവേദനങ്ങളും പരാതികളും സമര്‍പ്പിക്കാന്‍ വേണ്ടിയാണ് മന്‍മോഹന്‍ സിങ്ങിനെ കാണുന്നത്.

എന്നാല്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തില്ലെന്നാണ് അറിയുന്നത്. തിങ്കളാഴ്ചയായിരുന്നു ചെന്നിത്തലയുടെ ദല്‍ഹി യാത്ര നിശ്ചയിച്ചിരുന്നതെങ്കിലും അടിയന്തര യു.ഡി.എഫ് യോഗം ഉണ്ടായിരുന്നതിനാല്‍ യാത്ര നീട്ടിവെയ്ക്കുകയായിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഈ മാസം മൂന്നിന് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട്  ദല്‍ഹിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു.

Advertisement