തിരുവനന്തപുരം : ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണം ഇലക്ഷന്‍ അഴിമതിയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ ആരോപിച്ചു. തിരുവനന്തപുരം  പ്രസ്‌ക്ലബ്ബിന്റെ കൗണ്ട്ഡൗണ്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ചന്ദ്രപ്പന്‍.

ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രാചാരണപ്രവര്‍ത്തനങ്ങള്‍ തെറ്റില്ലെന്നു പറഞ്ഞ ചന്ദ്രപ്പന്‍ പണത്തിന്റെ ഉറവിടം എതാണെന്നു വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. മുന്‍പ് തെരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രിമാര്‍ക്ക് സഞ്ചരിക്കാന്‍ ഉപയോഗിച്ച ഹെലികോപ്ടറുകളുടെ വാടക എ ഐ സി സി കൊടുത്തിട്ടില്ലെന്ന കാര്യം പലതവണ പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്തതാണ്. ഹരിപ്പാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ ചെന്നിത്തല ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതിന്റെ കണക്ക് എവിടെ ഉള്‍ക്കൊള്ളിക്കുമെന്നതാണ് ചോദ്യമെന്നും ചന്ദ്രപ്പന്‍ പറഞ്ഞു. സ്വിസ് ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ഇച്ഛാശക്കതി കാണിക്കുന്നില്ല. ഇതെല്ലാം ചേര്‍ത്തുവായിച്ചുവേണം പുതിയ വിവാദത്തെ നോക്കിക്കാണേണ്ടതെന്നും ചന്ദ്രപ്പന്‍ പറഞ്ഞു.