തിരുവനന്തപുരം: നഗ്‌നമായ നിയമലംഘനം നടത്തി ഗതാഗത മന്ത്രി തോമസ് ചാണ്ടി കായല്‍ നിലം കൈയേറിയെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ മന്ത്രിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല കത്തു നല്‍കി.

2008 ലെകേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ആക്ട് അനുസരിച്ച് പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന് വേണ്ടി പാര്‍ക്കിംഗ് സ്ഥലം നിര്‍മ്മിച്ചത് കായല്‍ നികത്തിയാണെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത് 2013 മുതലുള്ള ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ കൈയേറ്റം സ്ഥിരീകരിച്ചിട്ടുമുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

അധികാരത്തിലിരിക്കുന്ന ഒരു മന്ത്രിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനം നഗ്‌നമായ നിയമലംഘനം നടത്തി സര്‍ക്കാര്‍ ഭൂമി കയ്യേറിയത് ന്യായീകരിക്കാനാവില്ല. കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 23ആം വകുപ്പനുസരിച്ച് മന്ത്രി ശിക്ഷാര്‍ഹമായ കുറ്റമാണ് ചെയ്തിരിക്കുന്നത്. അതിനാല്‍ മന്ത്രിതോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കുന്നതിന് നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം 12(1) അനുശാസിക്കും വിധം ബന്ധപ്പെട്ട റവന്യൂ ഡിവിഷണല്‍ ഓഫീസറെ ചുമതലപ്പെടുത്തണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.


Also Read ആധാര്‍ ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ കേന്ദ്ര പദ്ധതികളുടെ ഫണ്ട് അടുത്ത് വര്‍ഷം മുതല്‍ ലഭിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍


റിസോര്‍ട്ടിനായി ഭൂമി കയ്യേറിയെന്ന ആരോപണത്തെ തുടര്‍ന്ന് രാജി വെക്കില്ലെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി ഇന്നലെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പറഞ്ഞാല്‍ മാത്രം മാറി നില്‍ക്കാമെന്നും ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢസംഘമാണൈന്നും കയ്യേറ്റം തെളിഞ്ഞാല്‍ എം.എല്‍.എ സ്ഥാനം വരെ രാജി വെയ്ക്കുമെന്നും ഇന്നലെ പറഞ്ഞിരുന്നു.താന്‍ ഒരു സെന്റ് ഭൂമിയെങ്കിലും കയ്യേറിയിട്ടുണ്ടെന്ന് തെളിയിക്കാന്‍ കഴിയില്ലെന്നും ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ രാജിവെക്കാന്‍ പറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി.

കെട്ടിടങ്ങള്‍ അനധികൃതമാണെന്ന ആരോപണത്തില്‍ പ്രതികരിക്കാനില്ലെന്നും തന്റെ വാദം കേള്‍ക്കാതെയാണ് കലക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ട് നിര്‍മിക്കുന്നതിനായി കായല്‍ മണ്ണിട്ട് നികത്തിയെന്നു സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ റവന്യൂമന്ത്രിക്ക് ഇടക്കാല റിപ്പോര്‍ട്ടു നല്‍കിയിരുന്നു.