തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവെപ്പിനു പിന്നില്‍ സി.പി.ഐ.എം ഗൂഢാലോചനയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഗുഢാലോചനയ്ക്കു പിന്നില്‍ സി.പി.ഐ.എം ആയതുകൊണ്ടാണ് അവര്‍ ഭരിക്കുമ്പോള്‍ അന്വേഷിക്കാതിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പി.രാമകൃഷ്ണന്റെ പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വം അംഗീകരിക്കുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും സി.പി.ഐ.എമ്മിന്റെ ആയുധമാകാന്‍ പാടില്ല. പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. പാര്‍ട്ടിയുടെ വിവിധ ഫോറങ്ങളില്‍ ഈ അഭിപ്രായം രേഖപ്പെടുത്താം. എന്നാല്‍ പാര്‍ട്ടിയില്‍ ഉന്നയിക്കേണ്ട കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെയും പത്രസമ്മേളനങ്ങള്‍ നടത്തിയും പറയുന്നത് ഗുരുതരമായ അച്ചടക്കലംഘനമാണ്. അച്ചടക്ക ലംഘനം നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകും.

കൂത്തുപറമ്പ് വെടിവെയ്പില്‍ കെ.സുധാകരന് പങ്കുണ്ടെന്ന് വിശ്വസിക്കുന്നില്ല. കേരളത്തിലെയും കണ്ണൂരിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സംഭവത്തില്‍ യാതൊരു പങ്കുമില്ല. ഈ വിഷയത്തില്‍ പ്രസ്താവന നടത്തിയ പി.രാമകൃഷ്ണന് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടി ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.