കൊച്ചി: ചലച്ചിത്രതാരത്തെ അക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ പൊലീസ് പിടികൂടുകയായിരുന്നില്ല പൊലീസിന് കിട്ടുകയായിരുന്നെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സുനിയെ പിടിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി. എങ്കിലും കഴിഞ്ഞ അഞ്ച് ആറ് ദിവസമായി പ്രതി എറണാകുളത്ത് ഉണ്ടായിട്ടും അയാളെ പിടിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല എന്നാണ് അറിയുന്നത്.

പ്രതിയെ കോടതിയില്‍ കയറി പിടിക്കാനായത് ഒരിക്കലും അഭിമാനകരമായ കാര്യമല്ല. എങ്കിലും പ്രതിയെ കിട്ടി എന്നത് ആശ്വാസകരമാണ്. കേസില്‍ ചുരുളഴിയാനുള്ള അവസരമാണ് ഇതിലൂടെ വന്നിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പോലീസിന്റെ കുറ്റാന്വേഷണത്തിലുണ്ടായ പിഴവ് തന്നെയാണ് ഇന്നത്തെ സംഭവം വ്യക്തമാക്കുന്നത്. എറണാകുളം നഗരത്തിലൂടെ തന്നെ പ്രതി കോടതിയില്‍ കീഴടങ്ങിയത് പൊലീസിന്റെ ഭാഗത്തെ അശ്രദ്ധയാണ്. ഇത്തരത്തില്‍ വലിയ ജാഗ്രത കുറവ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് കുറ്റകരമാണ്.

എല്ലാ ജനങ്ങളേയും ആശങ്കയിലാക്കിയ സംഭവമായിരുന്നു ഇത്. കേരളത്തിലെ പ്രമുഖ ചലച്ചിത്രതാരത്തിന് നേരിടേണ്ടി വന്ന ഈഅവസ്ഥ ഇനി കേരളത്തിലുണ്ടാവാന്‍ പാടില്ല.

കേസന്വേഷണത്തില്‍ പൊലീസിന് വീഴ്ച ഉണ്ടായിട്ടുണ്ട്. ആ വീഴ്ച തുടരുകയാണ്. ഇനിയുള്ള കുറ്റാന്വേഷണത്തില്‍ വീഴ്ച ഉണ്ടാവാതിരിക്കരുത് എന്നാണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.