എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐഎമ്മിനെ ഇപ്പോള്‍ ഭരിക്കുന്നത് അഭിപ്രായ ഭിന്നത: ചെന്നിത്തല
എഡിറ്റര്‍
Friday 25th January 2013 8:15am

തിരുവനന്തപുരം: സംസ്ഥാനത്ത് സി.പി.ഐ.എമ്മിനുള്ളിലെ വിഭാഗീയത ശക്തമാവുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരേ ലാവ്‌ലിന്‍ കേസില്‍  പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പ്രവര്‍ത്തിച്ചുവെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

പ്രതിപക്ഷ നേതാവായ വി.എസും സി.പി.ഐ.എം സംസ്ഥാന നേതൃത്വവും തമ്മിലുള്ള അന്തരം കൂടിക്കൂടി വരികയാണ്. ഒരുമിച്ച് നിന്ന് മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോള്‍ പാര്‍ട്ടി.

സി.പി.ഐഎമ്മിനെ ഇപ്പോള്‍ ഭരിക്കുന്നത് അഭിപ്രായ ഭിന്നതയാണ്. ഇതിന്റെ തുടര്‍ച്ചയാണ് ലാവ്‌ലിന്‍ കേസില്‍ പിണറായിക്കെതിരായി വി.എസ് പ്രവര്‍ത്തിച്ചു എന്ന റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് പിണറായി വിജയനെ കുടുക്കാന്‍ വി.എസ് ശ്രമിച്ചുവെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നിയോഗിച്ച പി.കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് വി.എസിനെതിരായ ഗുരുതര ആരോപണങ്ങളുള്ളത്.

ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ അന്വേഷണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിനെ വി.എസ് കണ്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജസ്റ്റിസുമാരായ കെ.ജി. ബാലകൃഷ്ണന്‍, എച്ച്.എല്‍. ദത്തു, വി.കെ ബാലി എന്നിവരുമായും വി.എസ് കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ട് ആരോപിക്കുന്നു.

എന്നാല്‍ കേസില്‍ താന്‍ അന്യായമായി ഇടപെട്ടുവെന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ജനം പുച്ഛിച്ചു തള്ളുമെന്നാണ് വി.എസ് അച്യുതാനന്ദന്‍ ഇത് സംബന്ധിച്ച് മറുപടി പറഞ്ഞത്

ലാവലിന്‍ കേസില്‍ സിബിഐ അന്വേഷണം നടക്കുകയാണ്.  അതിനിടെ താന്‍ ഇടപെട്ടു എന്ന് പറഞ്ഞാല്‍ വല്ല വാസ്തവമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

ഈ റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ഇടപെട്ട് മാറ്റിവെച്ചിരുന്നുവെന്നും തനിക്കെതിരായ ഇത്തരം റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കില്ലെന്നും വി.എസ് പറഞ്ഞിരുന്നു.

Advertisement