തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ സമരരംഗത്തിറങ്ങാന്‍ കെ.പി.സി.സിയുടെ തീരുമാനം. തിരുവനന്തപുരത്ത് ചേര്‍ന്ന കെ.പി.സി.സി നിര്‍വാഹക സമിതിയോഗത്തിലാണ് തീരുമാനം. യോഗത്തിന് ശേഷം കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.

ഇതിന്റെ ഭാഗമായി നാളെ മുതല്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഇ.എം. അഗസ്തി അനിശ്ചിതകാല നിരാഹാരം ആരംഭിക്കും. നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് ഇടുക്കി ഡിസിസിയുടെ ആഭിമുഖ്യത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി 12 ന് 140 നിയോജകമണ്ഡലങ്ങളിലും ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുമെന്ന് പ്രമേയത്തിലൂടെ കെ.പി.സി. ആവശ്യപ്പെട്ടു. വിഷയം പരിഹരിക്കാന്‍ കേരളം മുന്നോട്ടുവന്നിട്ടും തമിഴ്‌നാട് സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ജയലളിത കര്‍ക്കശമായ നിലപാടില്‍ ഒഴിവാക്കണം. കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും എന്ന നയമാണ് സര്‍ക്കാര്‍ പിന്‍തുടരുന്നത്. തമിഴ്‌നാടുമായുള്ള നല്ല ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രശ്‌നം പരിഹരിക്കാനാണ് കേരളം ശ്രമിക്കുന്നത്.

എ.ജിയെ പുറത്താക്കണോയെന്ന കാര്യം കെ.പി.സി.സി പരിശോധിക്കുമെന്നും ചെന്നിത്തല അറിയിച്ചു. എന്നാല്‍ എജിക്ക് വിശദീകരണം നല്‍കാന്‍ സമയം നല്‍കും. ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ എ.ജിയെ വിളിച്ചുവരുത്തും. എ.ജിക്ക് പറയാനുള്ളത് കേട്ടശേഷമായിരിക്കും എന്ത് നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Malayalam news